കോഴിക്കോട് : മകന്റെ മോചനത്തിനായി പണം സമാഹരിക്കാന്‍ സഹായിച്ചവരോടെല്ലാം ഹൃദയം കൊണ്ട് നന്ദി പറഞ്ഞ് ഒരമ്മ. എം.പി.അബ്ദുൽ റഹീമിന്റെ മാതാവ് ഫാത്തിമ . 18 വർഷമായി പെരുന്നാൾ പോലും ആഘോഷിക്കാതിരുന്നതെല്ലാം ഇനി മകൻ വന്നശേഷം ആകാമല്ലോ എന്നും ഫാത്തിമ പറഞ്ഞു.
‘എല്ലാവരോടും നന്ദിയുണ്ട്. എന്റെ കുട്ടി അവിടെനിന്ന് എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെ. അങ്ങനെ കാട്ടിത്തരുന്നതിനു നിങ്ങളൊക്കെ സഹകരിച്ചു, സഹായിച്ചു. ഇത്രയും പെട്ടെന്ന് ഈ തുക കണ്ടെത്താനാകുമെന്നു പ്രതീക്ഷിച്ചില്ല. 18 വർഷമായിട്ട് പെരുന്നാൾ ആഘോഷിച്ചില്ലായിരുന്നു. എന്റെ കുട്ടി വന്നാൽ ഇനി ആഘോഷിക്കാമല്ലോ. മകനെ കാണാൻ വേണ്ടി കാത്തിരിക്കുകയാണ്, അവനെ കണ്ടാലെ സന്തോഷം പൂർണമാകൂ’’– ഫാത്തിമ പറഞ്ഞു.
അബ്ദുൽ റഹീമിനെ മോചിപ്പിക്കാൻ നൽകേണ്ട ദയാധനമായ 34 കോടി കഴിഞ്ഞ ദിവസം സമാഹരിച്ചിരുന്നു .34 കോടി സമാഹരിച്ചതോടെ ധനശേഖരണം അവസാനിപ്പിക്കുകയാണെന്ന് ജനകീയ സമിതി അറിയിച്ചു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് എംബസിക്കു പണം കൈമാറാനുള്ള ശ്രമമാണ് ഇനി നടത്തേണ്ടതെന്നു ദയാധന സമാഹരണ കമ്മിറ്റി അറിയിച്ചു. ഏപ്രില്‍ പതിനാറിനകം പണം മരിച്ച കുട്ടിയുടെ കുടുംബത്തിനു കൈമാറണമെന്നാണ് അറിയിപ്പ്.