കൊച്ചി : വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അബ്ദുൾ റഹീമിനായി 34 കോടി ശേഖരിച്ചതിനെ കേരള സ്റ്റോറിയാക്കുന്നതിനെതിരെ നടൻ ഹരീഷ് പേരടി . ചുളുവിൽ ഇതിനെ ആരും ഒർജിനൽ കേരളാ സ്റ്റോറിയാക്കേണ്ടെന്നും , ഇത് കേരളത്തിന്റെ മാത്രം സ്റ്റോറിയല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .
ഒരു മത രാഷ്‌ട്രത്തിലെ പ്രത്യേക നിയമത്തിനെ മറികടക്കാൻ മറ്റൊരു വഴിയുമില്ലാതെയായപ്പോൾ ആ നിയമത്തെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ച് , ലോകമെമ്പാടുമുള്ള മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന മനുഷ്യർ ഒന്നിച്ച സഹകരണത്തിന്റെ സ്റ്റോറിയാണ് . അഥവാ മനുഷ്യരുടെ,മനുഷ്യത്വത്തിന്റെ ഒർജിനൽ സ്റ്റോറിയാണ് . ആ 34 കോടിയിൽ മലയാളികൾ മാത്രമല്ല അതിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരുണ്ട്,വ്യത്യസ്ത മത വിഭാഗക്കാരുണ്ട്,എല്ലാ രാഷ്‌ട്രങ്ങളിലേയും വിദേശ പൗരൻമാരുണ്ട്,എന്തിന് സൗദിയിലെ അറബികൾ പോലുമുണ്ട് – എന്നും അദ്ദേഹം പറയുന്നു.
ഇവിടെ ബോച്ചെയുടെ പ്രസക്തി ഒരു കോടി കൊടുത്ത് വീട്ടിൽ പോയി കിടന്നുറങ്ങാതെ അയാൾ ആ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകിയെന്നതാണ്. അയാളുടെ പൂർവ്വകാല ചരിത്രവും ഭാവിയിലെ അയാളുടെ നിലപാടുകളും ഇവിടെ പ്രസക്തമല്ല. ഈ വിഷയത്തെ അയാൾ മാനുഷികമായി സമീപിച്ചു എന്നത് തന്നെയാണ് പ്രസക്തം. മനുഷ്യർക്ക് പരസ്പ്പരം സഹകരിക്കാതെ ഒരടിപോലും മുന്നോട്ട് പോകാൻ പറ്റില്ല എന്ന് ഈ വിഷയം നമ്മെ ഓർമ്മപെടുത്തുന്നു. അത് മതമായാലും ജാതിയായാലും വർണ്ണമായാലും രാഷ്‌ട്രമായാലും. മനുഷ്യത്വം ജയിക്കട്ടെ – എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത് .