മുംബൈ: ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ ഏത് വഴിയും ഇന്ത്യ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തീവ്രവാദികൾ ഒരു നിയമവും അനുസരിച്ച് പ്രവർത്തിക്കുന്നവരല്ല. അതിനാൽ അവർക്കുള്ള മറുപടിയും അതേ രീതിയിൽ തന്നെ ആയിരിക്കുമെന്ന് ജയശങ്കർ വ്യക്തമാക്കി. പൂനെയിൽ യുവാക്കളുമായുള്ള സംവാദത്തിലാണ് രാജ്യത്തിന്റെ നിലപാട് മന്ത്രി വിശദീകരിച്ചത്.
2008ലെ മുംബൈ ഭീകരാക്രമണത്തിൽ യുപിഎ സർക്കാർ കാണിച്ച നിഷ്ക്രിയത്വത്തെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി വിമർശിച്ചത്. മുംബൈ ആക്രമണത്തിന് തക്ക മറുപടി നൽകണമെന്ന നിലപാടാണ് എല്ലാവർക്കും ഉണ്ടായിരുന്നത്. എന്നാൽ അന്നത്തെ യുപിഎ സർക്കാർ ‘പാകിസ്തനെ ആക്രമിക്കുന്നതിന്റെ ചെലവ്’ നോക്കി മൗനം പാലിക്കുകയാണ് ചെയ്തത്.
2014 മുതൽ വിദേശനയത്തിലും ഭീകരതയെ നേരിടുന്ന രീതിയിലും മാറ്റം വന്നതായി ജയശങ്കർ ചൂണ്ടിക്കാട്ടി. 1947-ൽ പാകിസ്താൻ കശ്മീർ ആക്രമിച്ചപ്പോൾ ഇന്ത്യൻ സൈന്യം അവരെ നേരിട്ടു. എന്നാൽ ഇതേ വിഷയത്തിൽ യുഎന്നിൽ വ്യത്യസ്ത നിലപാടാണ് അന്നത്തെ സർക്കാർ സ്വീകരിച്ചത്. ലഷ്കർ ഭീകരരെ ഗോത്രവർഗക്കാർ എന്നാണ് യുഎന്നിൽ ഇന്ത്യ വിശേഷിപ്പിച്ചത്. ആദ്യം മുതൽ പാക് ഭീകരവാദത്തിനെതിരെ കൃത്യമായ നിലപാട് എടുക്കാൻ ഇന്ത്യയ്‌ക്കായില്ല, ജയശങ്കർ കുറ്റപ്പെടുത്തി.
ആരും പ്രതികരിച്ചില്ലെങ്കിൽ ഭീകരവാദത്തെ എങ്ങനെ തടയാനാകും? വിദേശകാര്യ മന്ത്രി ചോദിച്ചു. അതിർത്തിയുടെ മറുഭാഗത്തായതുകൊണ്ട് തങ്ങൾ സുരക്ഷിതരാണെന്ന തോന്നൽ ഭീകരർക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.