കൊൽക്കത്ത: ലോക്സഭാ തെരഞ്ഞടുപ്പിനിടയിലും ബംഗാളിൽ തമ്മിൽതല്ലി ഇൻഡി മുന്നണി. കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള പോര് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും രൂക്ഷമാകുകയാണ്. ബെർഹാംപൂർ സിറ്റിംഗ് എംപിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ആധിർ രഞ്ജൻ ചൗധരിയും ടിഎംസി പ്രവർത്തകരും തമ്മിലുള്ള കയ്യേറ്റത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
പ്രവർത്തകനെ ആധിർ രഞ്ജൻ ചൗധരി കയ്യേറ്റം ചെയ്തെന്ന് പറഞ്ഞ് ടിഎംസി രംഗത്തെത്തിയപ്പോൾ, ടിഎംസി പ്രവർത്തകർ തന്നെ അപമാനിച്ചെന്നാണ് ചൗധരിയുടെ വാദം.
ചിലകാര്യങ്ങൾ എത്രമാറ്റാൻ ശ്രമിച്ചാലും മാറില്ലെന്നും, പണ്ട് ഗുണ്ടയായിരുന്നിടത്ത് തന്നെയാണ് ചൗധരി ഇന്നും നിൽക്കുന്നതെന്നും തൃണമൂൽ കോൺഗ്രസ് എക്സിൽ കുറിച്ചു. തങ്ങളുടെ പ്രവർത്തകരെ കയ്യേറ്റം ചെയ്ത എംപിയെ സിസിടിവി ദൃശ്യങ്ങളിലൂടെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞു. ഇത്തരത്തിലൊരു എംപിയെ ആണോ മണ്ഡലത്തിന് ആവശ്യമെന്നും ടിഎംസി ചോദിച്ചു.
എന്നാൽ വിചിത്രമറുപടിയുമായാണ് ആധിർ രഞ്ജൻ ചൗധരി രംഗത്തെത്തിയത്. പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോൾ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി തൃണമൂൽ പ്രവർത്തകർ തടഞ്ഞുവെന്നാണ് ആധിർ രഞ്ജൻ ചൗധരി ആരോപിക്കുന്നത്. താൻ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഇവർ പരിഹസിച്ചതായി ചൗധരി കൂട്ടിച്ചേർത്തു.















