ലക്നൗ : 8000 രൂപ ശമ്പളത്തിന് ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരന്റെ ആസ്തി 8 കോടിയിലേറെ . ഗുണ്ടാത്തലവനായിരുന്ന ആതിഖ് അഹമ്മദിന്റെ വീട്ടിൽ ജോലിക്കാരനായിരുന്ന ശ്യാംജി സരോജിന്റെ പേരിലാണ് എട്ട് കോടിയിലധികം രൂപയുടെ സ്വത്ത് ആതിഖും കൂട്ടാളികളും രജിസ്റ്റർ ചെയ്തത് .
എന്നാൽ ഇക്കാര്യം സരോജിന് തന്നെ അറിയില്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട് . പ്രതിമാസം എട്ടായിരം രൂപ മാത്രമായിരുന്നു തന്റെ ശമ്പളം. തന്റെ പേരിൽ കോടികളുടെ സ്വത്തുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ മുംബൈയിലേക്ക് രക്ഷപ്പെടുമായിരുന്നുവെന്നും ശ്യാംജി സരോജ് പൊലീസിനോട് പറഞ്ഞു.
ശ്യാംജി സരോജിന്റെ പേരിൽ വാങ്ങിയ ബിനാമി സ്വത്തുക്കൾ കൈമാറാൻ ആതിഖ് അഹമ്മദിന്റെ കൂട്ടാളികൾ സമ്മർദം ചെലുത്തിയിരുന്നു . എന്നാൽ ആ സ്വത്തുക്കളെ കുറിച്ച് അറിയാത്ത ശ്യാംജി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു . ശ്യാംജി സരോജിന്റെ പരാതിയിൽ, ആതിഖ് അഹമ്മദിന്റെ സഹോദരൻ കമ്രാൻ അഹമ്മദ്, അടുത്ത സഹായി ജാവേദ് ഖാൻ, ഫറാസ് അഹമ്മദ് ഖാൻ, ശുക്ല ജി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു .
15 വർഷമായി ജാവേദിന്റെയും സഹോദരൻ കമ്രാന്റെയും വീട്ടിൽ ശുചീകരണ ജോലികൾ ചെയ്യാറുണ്ടെന്ന് ശ്യാംജി പോലീസിനോട് പറഞ്ഞു. ആതിഖിന്റെ സഹായികൾ ഇയാളുടെ പേരിൽ ഐസിഐസിഐ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിരുന്നു. ബാങ്ക് രേഖകളെല്ലാം ശ്യാമിന്റെ പേരിലാണെങ്കിലും ജാവേദ് ഖാന്റെ ഫോൺ നമ്പരാണ് നൽകിയത് . ശ്യാമിന്റെ പേരിൽ ദലിതരുടെ ഭൂമിയാണ് ആതിഖ് അഹമ്മദ് രജിസ്റ്റർ ചെയ്തത്.
ശ്യാം ജി സരോജിന്റെ പേരിലുള്ള നിരവധി സ്വത്ത് രേഖകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഗംഗാനഗർ, യമുനാനഗർ എന്നിവിടങ്ങളിലും ഇയാളുടെ പേരിൽ ബിനാമി സ്വത്തുക്കൾ ഉണ്ട്. ഗുണ്ടാ നിയമം 14 (1) പ്രകാരം ഈ സ്വത്തുക്കളും കണ്ടുകെട്ടാൻ പൊലീസ് നടപടി സ്വീകരിക്കും.















