ചാരവൃത്തി ആരോപിച്ച് പാകിസ്താൻ ജയിലിലടച്ച സരബ്ജിത് സിംഗിനെ കൊലപ്പെടുത്തിയ അമീർ സർഫറാസിനെ അജ്ഞാതർ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ രൺദീപ് ഹൂഡ. തമ്പ എന്ന് വിളിക്കുന്ന അമീർ സർഫറാസ് എന്ന അധോലോക കുറ്റവാളിയെ ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ലഹോറിലെ ഇസ്ലാം പുരയിൽ വെടിവച്ച് കൊന്നത്. ഇതിന് പിന്നാലെയാണ് നടൻ വാർത്ത പങ്കുവച്ചുകൊണ്ട് പ്രതികരിച്ചത്. സരബ്ജിത് സിംഗിന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിച്ചത് രൺദീപ് ഹൂഡയായിരുന്നു. അജ്ഞാതരായ മനുഷ്യർക്ക് നന്ദി ഇന്ന് നീതി നടപ്പായിരിക്കുന്നു എന്നായിരുന്നു പ്രതികരണം.
എക്സിലാണ് താരം കുറിപ്പ് പങ്കുവച്ചത്. ‘കർമ്മ.. അജ്ഞാതരായ മനുഷ്യർക്ക് നന്ദി. രക്തസാക്ഷി സരബ്ജിത് സിംഗിന് ഇന്ന് നീതി ലഭിച്ചിരിക്കുന്നു”- ഹൂഡ കുറിച്ചു. പഞ്ചാബ് സ്വദേശിയായ സരബ്ജിത് സിംഗിനെ ചാരവൃത്തി ആരോപിച്ച 1990ലാണ് പാകിസ്താൻ അനധികൃതമായി പിടികൂടുന്നത്. പിന്നാലെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുടുംബവും ഇന്ത്യയും ആരോപണങ്ങൾ പാകിസ്താന്റെ നിഷേധിച്ചു. 23 വർഷത്തോളം പാകിസ്താൻ ജയിലിൽ കഴിഞ്ഞ സരബ്ജിത് മേയ് 2013 ന് ലാഹോർ ആശുപത്രിയിലാണ് മരിക്കുന്നത്. 2016ലാണ് ഹൂഡ അഭിനയിച്ച ചിത്രം പുറത്തുവരുന്നത്. ഐശ്വര്യ റായ് ബച്ചനും ദർശൻ കുമാറും റിച്ച ഛദ്ദയും മുഖ്യ കഥാപാത്രങ്ങളായ ചിത്രത്തിൽ രൺദീപ് ഹൂഡയുടെ പ്രകടനം വലിയ ജനപ്രീതി നേടി.
അഫ്സൽ ഗുരുവിന്റെ തൂക്കിലേറ്റിയതിന് പിന്നാലെ കോട് ലഖ്പത് ജയിലിൽ തടവിലായിരുന്നു സരബ്ജിത്തിനെ സർഫറാസും സംഘവും ക്രൂരമായി മർദ്ദനത്തിനിരയാക്കി. തലച്ചോറിന് മാരകമായി ക്ഷതമേറ്റതിനെ തുടർന്ന് ലാഹോറിലെ ജിന്ന ആശുപത്രിയിൽ 49-കാരൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.