തിരുവനന്തപുരം ; ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ചരക്കുകപ്പലിൽ അകപ്പെട്ട മലയാളികളെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെയെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് .
കേന്ദ്ര സർക്കാർ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും കാലതാമസമില്ലാതെ മലയാളികളെ തിരികെയെത്തിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം, ഇസ്രായേൽ ചരക്കുകപ്പലിലുള്ള 17 ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷയ്‌ക്കും മോചനത്തിനുമായി ഇറാൻ അധികൃതരെ ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്.
പ്രദേശത്തുള്ള ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇസ്രായേൽ ബന്ധമുള്ള എംഎസ്‌സി ഏരീസ് എന്ന ചരക്കുകപ്പൽ ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാൻ സമുദ്രപരിധിയിലേക്കു കൊണ്ടുപോയത്.