തൃശൂർ: തൃശൂർ പൂരത്തിന്റെ ഏറ്റവും ആകർഷകമായ കുടമാറ്റത്തിനുള്ള കുട നിർമാണം ദേവസ്വങ്ങളിൽ പുരോഗമിക്കുന്നു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളിലായി ഇത്തവണ നിരവധി കുടകളാണ് ഒരുങ്ങുന്നത്. ഗുജറാത്തിലെ സൂറത്തിൽ നിന്നെത്തിച്ച 10,000 മീറ്റർ തുണി ഉപയോഗിച്ചാണ് കുടകൾ നിർമ്മിക്കുന്നത്.
കഴിഞ്ഞ 45 വർഷമായി പാറമേക്കാവിന് വേണ്ടി കുടകൾ ഒരുക്കുന്നത് വസന്തൻ കുന്നത്തങ്ങാടിയാണ്. തിരുവമ്പാടിക്ക് വേണ്ടി കിഴക്കേപുരയ്‌ക്കൽ വസന്തനാണ് കുടകൾ ഒരുക്കുന്നത്. വിവിധ നിറങ്ങളിലുള്ള വ്യത്യസ്തകളായ കുടകളാണ് ഇത്തവണ ഒരുങ്ങുന്നത്. കുടകളുടെ നിർമാണം ആരംഭിച്ചത് രണ്ട് മാസം മുൻപായിരുന്നു. കാണികളെ വിസ്മയിപ്പിക്കാനുള്ള സ്പെഷ്യൽ കുടകളുടെ നിർമ്മാണം നടക്കുന്നത് രഹസ്യ കേന്ദ്രങ്ങളിലാണ്.
നേർക്കുനേർ നിരന്നുനിൽക്കുന്ന ഗജവീരൻമാർക്ക് മുകളിൽ ഒരോ തവണയും ഇരു ദേവസങ്ങളും തങ്ങളുടെ സ്പെഷ്യൽ കുടകൾ നിവർത്തുന്ന നിമിഷം പൂരപ്പറമ്പ് ആവേശത്തിരയിലാകും. എൽഇഡി കുടകൾ അടങ്ങുന്ന സ്പെഷ്യൽ കുടകൾ ഉയർത്തിയാണ് എല്ലാ വർഷവും ഇരു ദേവസ്വങ്ങളും അതിശയിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ മെസ്സിക്കുട പോലെ വൈറൽ കുടകൾ ഇത്തവണയും മാറ്റുകൂട്ടുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.