കോട്ടയം: ഗൂഗിൾ പേ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനം. തലയോലപ്പറമ്പ് ഇല്ലി തൊണ്ടിന് സമീപമുള്ള ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ കല്ലോലിക്കൽ ഫ്യൂവൽസിലെ ജീവനക്കാരനാണ് ക്രൂരമായി മർദ്ദനമേറ്റത്.
ഇന്ധനം നിറയ്‌ക്കുന്നതിനായി എത്തിയ വടകര സ്വദേശികളായ അജയ് സജി, അക്ഷയ് എന്നീ യുവാക്കളാണ് പമ്പ് ജീവനക്കാർക്കെതിരെ അതിക്രമം നടത്തിയത്.പമ്പ് ജീവനക്കാരനായ അപ്പച്ചനാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. ഗൂഗിൾ പേയിൽ നിന്നും ശബ്ദ സന്ദേശം ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ആക്രമണം നടത്തിയ യുവാക്കളോട് വിഷയത്തെക്കുറിച്ച് സംസാരിക്കാനെത്തിയ വിപി ഷാ എന്നയാൾക്ക് തലയോലപ്പറമ്പ് ടൗണിൽ വച്ചും കുത്തേറ്റു. ഇയാളുടെ മുതുകിലാണ് കുത്തേറ്റത്. സ്‌ക്രൂഡ്രൈവർ പോലുള്ള വസ്തു ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ യുവാക്കൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.















