അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡിക്ക് നേരെ ആക്രമണം നടത്തിയ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. വിവരം ലഭിക്കുന്നവർ എൻടിആർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കാഞ്ചി ശ്രീനിവാസ റാവു, ടാസ്‌ക് ഫോഴ്സ് അഡീഷണൽ ഡിസിപി ആർ ശ്രീഹരിബാബു എന്നിവരുമായി ബന്ധപ്പെടണമെന്ന് പൊലീസ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ നേരിട്ടോ ഫോൺ, വാട്ട്‌സ്ആപ്പ് എന്നിവ മുഖാന്തിരമോ അന്വേഷണ സംഘവുമായി ബന്ധപ്പെടാവുന്നതാണ്. പ്രതിയെ കുറിച്ച് വിവരം നൽകുന്നവരുടെ വിവരങ്ങൾ പുറത്തുവിടാതെ സൂക്ഷിക്കുമെന്നും പൊലീസ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു. ഡിസിപിയുടെ 9490619342 എന്ന നമ്പറിലും അഡീഷണൽ ഡിസിപിയെ 9440627089 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് വിജയവാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ആന്ധ്രാ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ നെറ്റിക്കാണ് പരിക്കേറ്റത്.ആൾക്കൂട്ടത്തിനിടയിൽ നിന്ന് റെഡ്ഡിക്ക് നേരെ കല്ലേറുണ്ടാവുകയായിരുന്നു. ഇടതുപുരികത്തിന് മുകളിലായാണ് അദ്ദേഹത്തിന് മുറിവേറ്റത്. ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകുകയായിരുന്നു.
സംഭവത്തിന് പിന്നിൽ ടിഡിപി പ്രവർത്തകരാണെന്ന് വൈഎസ്ആർ കോൺഗ്രസ് ആരോപിച്ചു. കല്ലേറിൽ വിജയവാഡ വെസ്റ്റിൽ നിന്നുള്ള ജനപ്രതിനിധി വെള്ളാംപള്ളി ശ്രീനിവാസിനും പരിക്കേറ്റിട്ടുണ്ട്. ജഗന് സമീപമായിരുന്നു ശ്രീനിവാസും നിന്നിരുന്നത്. ഇദ്ദേഹത്തിന്റെ ഇടത് കണ്ണിലാണ് പരിക്കേറ്റത്.















