റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഛത്തീസ്ഗഡ് പൊലീസ്. കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ചോ അവരുടെ പ്രവർത്തനങ്ങളെ കുറിച്ചോ എന്തെങ്കിലും വിവരം നൽകുന്നവർക്കാണ് പാരിതോഷികം നൽകുന്നത്. ഒരു കമ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടാൽ കോൺസ്റ്റബിൾ തസ്തികയിൽ അഞ്ച് പേർക്ക് വരെ ജോലി നൽകുമെന്നും പൊലീസ് അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥർ ജില്ലയിലെ വീടുകൾ സന്ദർശിച്ച് വിവരം പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭീകരരെ പിടികൂടാൻ സഹായിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ നൽകും. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ പരമാവധി ജനങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് വ്യക്തമാക്കി.
കമ്യൂണിസ്റ്റ് ഭീകരരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായി ചെറിയ ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രദേശത്ത് പൊലീസ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വിവിധയിടങ്ങളിൽ യുവാക്കൾക്കായി കായിക പരിപാടികളും ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.