ന്യൂഡൽഹി : യുപിഎ സർക്കാരിലെ ധനമന്ത്രിമാർ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നതായി മുൻ ആർബിഐ ഗവർണർ ദുവ്വുരി സുബ്ബറാവു. പലിശനിരക്കുകൾ കുറച്ച് വികസന ഗ്രാഫ് ഉയർത്തിക്കാണിക്കാൻ പ്രണബ് മുഖർജിയുടെയും പി. ചിദംബരവും ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം തന്റെ
പുതിയ പുസ്തത്തിലൂടെ വെളിപ്പെടുത്തി.
‘Just A Mercenary?: Notes from My Life and Career’ എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം ദിവസങ്ങൾക്ക് മുൻപാണ് പുറത്തിറങ്ങിയത്. ‘Reserve Bank as the Government’s Cheerleader?’ എന്ന് തലക്കെട്ട് നൽകിയ അദ്ധ്യായത്തിലാണ് യുപിഎ ധനമന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തിയത്.
സർക്കാരിന്റെ സമ്മർദ്ദം റിസർവ് ബാങ്കിന്റെ പലിശ നിരക്കിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം അനുസ്മരിച്ചു. പണപ്പെരുപ്പത്തിൽ വ്യത്യസ്ത കണക്കുകൾ പുറത്തു വിടാനും നിർബന്ധിച്ചിരുന്നു. ആർബിഐയുടെ സ്വയംഭരണത്തെ കുറിച്ച് അന്നത്തെ ധനമന്ത്രിമാർക്ക് ധാരണ ഇല്ലായിരുന്നുവെന്നും സുബ്ബറാവു കുറ്റപ്പെടുത്തി. സർക്കാരിലും ആർബിഐയിലും പ്രവർത്തിച്ചയാൾ എന്ന നിലയിലാണ് തനിക്ക് ഇത് പറയാൻ സാധിക്കുന്നതെന്നും അദ്ദേഹം പുസതകത്തിൽ ചൂണ്ടിക്കാട്ടി.
ധനകാര്യ സെക്രട്ടറിയായിരുന്ന സുബ്ബറാവു 2008 സെപ്തംബർ 5നാണ് ആർബിഐയുടെ 22ാം-മത്തെ ഗവർണറായി ചുമതലയേൽക്കുന്നത്.