തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. 1373 പേരാണ് രണ്ടാഴ്ചയ്‌ക്കിടെ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയത്. ഇതിൽ 300 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. 1079 പേരുടെ അന്തിമഫലം ലഭിച്ചിട്ടില്ല. രണ്ടാഴ്ചയ്‌ക്കിടെ 6 പേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇടവിട്ട് പെയ്യുന്ന വേനൽമഴ രോഗവ്യാപന സാദ്ധ്യത കൂട്ടുമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കടുത്ത പനി, പേശിവേദന, തലവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദ്ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ, കണ്ണിനു പുറകിലെ വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ.
കൊതുകിന്റെ വ്യാപനം ഒഴിവാക്കാൻ കെട്ടിടങ്ങളുടെ അകത്തും പുറത്തും വെള്ളംകെട്ടി നിൽക്കുന്നത് ഒഴിവാക്കണം. പനിയുള്ളവർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.















