തൃശൂർ; തൃശൂർ പൂരത്തിന് വീണ്ടും വിലങ്ങു തടിയായി വനം വകുപ്പ്. ആനകളെ നിയന്ത്രിക്കാൻ 80 ആർ ആർ ടി സംഘം വേണമെന്നാണ് പുതിയ ഉത്തരവ്. വനംവകുപ്പ് ഡോക്ടർമാരും ആനകളെ പരിശോധിക്കണമെന്ന് ഉത്തരവിൽ പറയുന്നു. നിബന്ധനകൾ അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ദേവസ്വങ്ങൾ രംഗത്തെത്തി.
വെറ്ററിനറി ഡോക്ടർമാരുടെ പരിശോധനയ്‌ക്ക് പുറമെയാണ് വനംവകുപ്പിന്റെ ഡോക്ടർമാരും ആനകളെ പരിശോധിക്കണമെന്ന് ഉത്തരവിറക്കിയിരിക്കുന്നത്. ഇത്തരം നിയമങ്ങൾ കടുത്തതാണെന്നും ഇത് പൂരം നടത്തിപ്പിനെ പ്രതിസന്ധിയിലാക്കുമെന്നും ആനയുടമകളും തിരുവമ്പാടി-പാറമേക്കാവ് ദേവസ്വവും പരാതിപ്പെട്ടു.
കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ആനയുടമകളും ദേവസ്വവും രംഗത്തെത്തിയതോടെ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയിരുന്നു. ആന നിൽക്കുന്നതിന്റെ 50 മീറ്റർ ചുറ്റളവിൽ ഒന്നും പാടില്ലെന്ന നിയന്ത്രണത്തിൽ ഉൾപ്പെടെ ഇളവ് വരുത്താൻ അധികൃതർ തയ്യാറായിരുന്നു. ഇതിന് പുറമെയാണ് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് പുതിയ നീക്കങ്ങളുമായി വനംവകുപ്പ് രംഗത്തെത്തിയത്.