100 ലധികം ഓപ്പറേഷനുകൾ; വധിച്ചത് 44 കമ്യൂണിസ്റ്റ് ഭീകരരെ; ഛത്തീസ്ഗഡിലെ എൻകൗണ്ടർ സ്പെഷലിസ്റ്റ് ലക്ഷ്മൺ കേവാത്ത്

Published by
Janam Web Desk

കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് ബസ്തര്‍ മേഖലയിൽ 29 കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിലൂടെ വധിച്ചിരുന്നു. തലയ്‌ക്ക് 25 ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് ഭീകര നേതാവ് ശങ്കര്‍ റാവുവും കൊല്ലപ്പെട്ടവരിലുണ്ട്. രാജ്യം അടുത്തകാലത്തായി സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ഭീകരവേട്ടയാണ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ നടന്നത്. പ്രധാനമന്ത്രി അടക്കം ഓപ്പറേഷനിൽ പങ്കെടുത്തവരെ പ്രശംസിച്ച് രംഗത്ത വന്നിരുന്നു. എൻകൗണ്ടർ സ്പെഷലിസ്ററായ ലക്ഷ്മൺ കേവാത്താണ്  ഓപ്പറേഷന് നേതൃത്വം നൽകിയത്.

ആരാണ് ലക്ഷ്മൺ കേവാത്ത്

എൻകൗണ്ടർ സ്പെഷ്യലിസ്റ്റായി അറിയപ്പെടുന്ന ഇൻസ്പെക്ടർ ലക്ഷ്മൺ കേവാത്ത് 100 ലധികം ഓപ്പറേഷനിലായി 44 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചിട്ടുണ്ട്. പ്രശസ്ത സേവനത്തിനുള്ള രാഷ്‌ട്രപതി മെഡൽ അടക്കം ആറ് അവാർഡുകൾ നൽകിയാണ് അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ രാജ്യം ആദരിച്ചത്.

2007ലാണ് ലക്ഷ്മൺ കേവാത്ത് ഛത്തീസ്ഗഡിലെ സൂരജ്പൂർ ജില്ലയിൽ കോൺസ്റ്റബിളായി നിയമിതനായത്. 2012ൽ സബ് ഇൻസ്പെക്ടറായി. കമ്യൂണിസ്റ്റ് ഭീകരവാദ ജില്ലയായി കണക്കാക്കപ്പെടുന്ന ബിജാപൂരിലായിരുന്നു ആദ്യ പോസ്റ്റിംഗ്.

 

ഭീകരവേട്ടയുടെ ആസൂത്രണം സംബന്ധിച്ച ചോദ്യത്തിന് മുൻപ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു…

മാവോയിസ്റ്റ് ഓപ്പറേഷനിൽ ഓരോ സീസണിലും അതിൻ്റേതായ വെല്ലുവിളികളുണ്ട്. അത്തരം സമയങ്ങളിൽ ജീവൻ പണയപ്പെടുത്തി നദികളും തോടുകളും കടന്ന് ഓപ്പറേഷൻ നടത്തണം. പ്രദേശം നിരീക്ഷിക്കാൻ 30-40 കിലോമീറ്റർ ഇടതൂർന്ന വനത്തിനുള്ളിൽ പോയി മടങ്ങുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പുറപ്പെടുന്നതിന് മുമ്പ് ഓപ്പറേഷനെ കുറിച്ച് വിശദമായ പദ്ധതി തയ്യാറാക്കും.

ഹെലികോപ്റ്റർ മാർ​ഗം എവിടെ ഇറങ്ങാമെന്നതടക്കം പ്ലാൻ ചെയ്യും. കുടിവെള്ളം മുതൽ രാത്രിയിൽ ഉറങ്ങുമ്പോൾ ഒരു പാമ്പോ തേളോ കടിച്ചാൽ ആവശ്യമായ മുൻ കരുതലടക്കം സ്വീകരിച്ചാണ് ദിവസങ്ങൾ നീണ്ട ഓപ്പറേഷന് പുറപ്പെടുന്നത്. ഭീകരരുടെ ഗറില്ലാ യുദ്ധതന്ത്രവും സാങ്കേതിക വിദ്യയും മനസ്സിലാക്കുന്നത് കീഴടങ്ങിയ ആളുകളിൽ നിന്നാണ്.

എൻകൗണ്ടർ ഓപ്പറേഷനുകൾ വിജയകരമായി പൂർത്തീകരിക്കുന്നതിന് പിന്നിൽ ടീം വർക്കാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കമ്യൂണിസ്റ്റ് ഭീകരരിൽ നിരവധി ഭീഷണികളുണ്ടായിട്ടും അതിനെയെല്ലാം അവ​ഗണിച്ച്, തന്റെ കർത്തവ്യവുമായി മുന്നോട്ട് പോകുകയാണ് അദ്ദേഹം.

 

 

Share
Leave a Comment