ന്യൂഡൽഹി: ഡിആർഡിഒ നിർമിച്ച
സാങ്കേതിക ക്രൂയിസ് മിസൈലായ ‘നിർഭയ്’ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്താണ് പറക്കൽ പരീക്ഷണം നടത്തിയത്. ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് പരീക്ഷണം പൂർത്തിയാക്കിയത്. നിർഭയ് മിസൈൽ പരീക്ഷണം വിജയകരമായതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഡിആർഡിഒയെ അഭിനന്ദിച്ചു. തദ്ദേശീയ പ്രൊപ്പൽഷൻ സംവിധാനവും ടർബോഫാൻ എഞ്ചിനും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
പരീക്ഷണ വേളയിൽ എല്ലാ സബ്‌സിസ്റ്റങ്ങളും വിജയകരമായി പ്രവർത്തിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിമാനങ്ങളുടെ പാതയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മിസൈലുകളുടെ മികച്ച പ്രകടനം, ഐടിആർ വിന്യസിച്ചിരിക്കുന്ന റഡാർ, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിംഗ് സിസ്റ്റം, ടെലിമെട്രി എന്നീ റേഞ്ച് സെൻസറുകളും പരീക്ഷണ വേളയിൽ നിരീക്ഷിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ Su-30-Mk-I വിമാനത്തിൽ നിന്നുമാണ് മിസൈലിന്റെ പറക്കൽ നിരീക്ഷിച്ചത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിആർഡിഒ ലബോറട്ടറി എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് മറ്റ് ലബോറട്ടറികളുടെയും വ്യവസായങ്ങളുടെയും സഹകരണത്തോടെയാണ് മിസൈൽ വികസിപ്പിച്ചെടുത്തത്.