ന്യൂഡൽഹി: 18ാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് ഒരുങ്ങി രാജ്യം. ഇന്ന് നടക്കുന്ന ആദ്യ ഘട്ടത്തിൽ 102 മണ്ഡലങ്ങളിലായി 16.63 കോടി വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. 16 സംസ്ഥാനങ്ങളിലും 5 കേന്ദ്രഭരണപ്രദേശങ്ങളിലുമായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാംഘട്ടത്തിൽ ജനവിധി തേടുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 18 ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. 1.87 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ ഇന്ന് നടക്കുന്ന ആദ്യ ഘട്ടത്തിലാണ് ഏറ്റവും കൂടുതൽ പാർലമെന്റ് മണ്ഡലങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. 8.4 കോടി പുരുഷ വോട്ടർമാരും 8.23 കോടി സ്ത്രീ വോട്ടർമാരും 11,371 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ആദ്യഘട്ടത്തിൽ വോട്ട് ചെയ്യാൻ അർഹത നേടിയിട്ടുണ്ട്. അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പും ഇന്നാണ് നടക്കുന്നത്.
വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ സമാധാനം ഉറപ്പാക്കാൻ പോളിംഗ് സ്‌റ്റേഷനുകളിൽ ആവശ്യത്തിന് കേന്ദ്രസേനയെ വിന്യസിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും മൈക്രോ ഒബ്സർവറുകളെ വിന്യസിക്കുന്നതിന് പുറമെ, 50 ശതമാനത്തിലധികം പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സംസ്ഥാന, അന്തർദേശീയ അതിർത്തി ചെക്‌പോസ്റ്റുകളിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിശോധന കർശനമാക്കിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, പണം എന്നിവ അനധികൃതമായി എത്തുന്നത് തടയുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന. വ്യോമ,നാവിക സേനകളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം തെരഞ്ഞെടുപ്പിന്റെ പേരിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും മുന്നറിയിപ്പുണ്ട്. വൈകിട്ട് ആറ് മണി വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം നൽകിയിരിക്കുന്നത്. എങ്കിലും ക്യൂവിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ നിശ്ചിത സമയം കഴിഞ്ഞാലും ഇവർക്ക് വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഉറപ്പാക്കും. ഈ മാസം 26നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. മെയ് 7, മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 തിയതികളിലായി അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കും.















