പലർക്കും പലതരത്തിലുള്ള അഭിലാഷങ്ങളാണ് ജീവിതത്തിലുള്ളത്. നൃത്തം, സംഗീതം, അദ്ധ്യാപനം എന്നിങ്ങനെ പലതരത്തിൽ. എന്നാൽ തെരഞ്ഞെടുപ്പിനെ അഭിലാഷമായി കാണുന്നവരുണ്ടോ? പെർമാനന്ദ് തോളാനി എന്ന വ്യക്തി അത്തരത്തിലൊരാളാണ്. ഇന്ദോരി ധർതിപകദ് എന്നറിയപ്പെടുന്ന പെർമാനന്ദ് തോളാനി രാജ്യത്തെ വിവിധ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മത്സരിച്ചാണ് പ്രശസ്തനായത്. ഒന്നും രണ്ടുമല്ല 19 തവണ മത്സരിച്ച് തോറ്റ റെക്കോർഡ് തോളാനിക്ക് സ്വന്തമാണ്.
ഓരോ തവണയും മത്സരിക്കും, കെട്ടിവച്ച കാശ് പോകും, അടുത്ത തവണയും മത്സരിക്കും, റിപ്പീറ്റ്.. കഴിഞ്ഞ 35 വർഷത്തിനിടെ 19 തവണയായി അദ്ദേഹം ചെയ്യുന്നത് ഇപ്രകാരമായിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും 63കാരനുമായ തോളാനി ഇത്തവണ ഇൻഡോർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്. പരാജയങ്ങൾ തന്നെയൊരിക്കലും തളർത്തിയിട്ടില്ലെന്നും ഒരുനാൾ വിജയം സുനിശ്ചിതമാണെന്നും തോളാനി പറയുന്നു. നാലാം ഘട്ട വോട്ടോടെുപ്പ് നടക്കുന്ന മെയ് 13നാണ് തോളാനി മത്സരിക്കുന്ന ഇൻഡോർ മണ്ഡലത്തിലെ പോളിംഗ്.
പാർലമെൻ്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിയും ഒരു നിശ്ചിത തുക കെട്ടിവെക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം. എസ്.സി/എസ്ടി സ്ഥാനാർത്ഥിക്ക് 12,500 രൂപയും അല്ലാത്തവർക്ക് 25,000 രൂപയുമാണ് കെട്ടിവയ്‌ക്കേണ്ടത്. ആകെ വോട്ടിന്റെ ആറിലൊന്നെങ്കിലും സ്ഥാനാർത്ഥിക്ക് ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച തുക നഷ്ടപ്പെടും. കഴിഞ്ഞ 19 തവണ മത്സരിച്ചപ്പോഴും തോളാനിക്ക് ഈ തുക നഷ്ടമായിരുന്നു. മൂന്ന് തവണ മേയർ സ്ഥാനത്തേക്കുള്ള സിവിൽ തെരഞ്ഞെടുപ്പിലും എട്ട് തവണ വീതം ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഭാഗ്യം പരീക്ഷിച്ചിട്ടുള്ള തോളാനി ഒരിക്കൽ തന്റെ ഭാര്യയേയും സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. മേയർ സീറ്റ് വനിതകൾക്കായി സംവരണം ചെയ്തപ്പോഴാണ് അദ്ദേഹം ഭാര്യയെ നിർത്തി പരീക്ഷിച്ചത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് കുടുംബപാരമ്പര്യമാണെന്നും തോളാനി പറയുന്നു. നഗരത്തിൽ പ്രിൻ്റിംഗ് പ്രസ് നടത്തിയിരുന്ന തോളാനിയുടെ പിതാവ് മേതാരം തോലാനി 30 വർഷം തുടർച്ചയായി വ്യത്യസ്ത തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുള്ളയാളാണ്. 1988ൽ പിതാവ് മരിച്ചതിനെ തുടർന്ന് ദൗത്യം ഏറ്റെടുക്കുകയായിരുന്നു മകൻ തോളാനി.
2019ലെ പൊതു തെരഞ്ഞെടുപ്പിൽ ഇൻഡോർ സീറ്റിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച തോളാനി 1,233 വോട്ടുകൾ നേടിയിരുന്നു. മണ്ഡലത്തിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ശങ്കർ ലാൽവാനി 10.6 ലക്ഷം വോട്ടുകൾ സ്വന്തമാക്കി.















