നെയ്‌റോബി: കെനിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ സൈനിക മേധാവിയുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. കെനിയയുടെ സൈനിക മേധാവി ജനറൽ ഫ്രാൻസിസ് ഒഗൊല്ല (61)യാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
രണ്ട് സൈനികർ രക്ഷപ്പെട്ടിട്ടുണ്ടെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റൂട്ടോ വ്യക്തമാക്കി. തലസ്‌ഥാനനഗരിയായ നയ്റോബിയിൽ നിന്നും ഏകദേശം 400 കിലോമീറ്റർ (250 മൈൽ) അകലെ എൽജിയോ മറക്‌വെറ്റ് കൗണ്ടിയിൽ വ്യാഴാഴ്ച ഉച്ചയ്‌ക്ക് 2.20ഓടെയാണ് അപകടമുണ്ടായത്. ചെസെഗോൺ ഗ്രാമത്തിലെ ഒരു സ്‌കൂൾ സന്ദർശിച്ച് ഒഗൊല്ലയും സംഘവും മടങ്ങുമ്പോഴാണ് അപകടം. അതേസമയം അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും, വിശദമായ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും റൂട്ടോ അറിയിച്ചു.
2021 ജൂണിൽ തലസ്ഥാനമായ നെയ്‌റോബിക്ക് സമീപം ലാൻഡിംഗിനിടെ ഹെലികോപ്റ്റർ തകർന്ന് 10 സൈനികർ കൊല്ലപ്പെട്ടിരുന്നു.















