ചെന്നൈ: കോയമ്പത്തൂർ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്നും ഒരു ലക്ഷത്തോളം വോട്ടർമാരുടെ പേരുകൾ നീക്കിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ബിജെപി അനുകൂലികളുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയതിന്റെ യുക്തി മനസിലാകുന്നില്ലെന്നും അണ്ണാമലൈ പറഞ്ഞു. എല്ലാ പോളിംഗ് ബൂത്തുകളിൽ നിന്നും ഏകദേശം 20-25 വോട്ടർമാരുടെ വോട്ടുകൾ നീക്കിയെന്നും അണ്ണാമലൈ പറഞ്ഞു.
ഒരു ബൂത്തിൽ നിന്നും 830 വോട്ടർമാരുടെ പേരുകളാണ് കാണാതായത്. ഇതൊരു ആസൂത്രിത നീക്കം പോലെ തോന്നുന്നെന്നും അണ്ണാമലൈ പറഞ്ഞു. ഈ ഒരു ലക്ഷം വോട്ടിന് ആരു മറുപടി പറയുമെന്നും ഇതു സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും ഇലക്ഷൻ സൂപ്പർ വൈസർമാർക്കും ബിജെപി പരാതി നൽകിയിട്ടുണ്ടെന്നും അണ്ണാമലൈ വ്യക്തമാക്കി. വൻതോതിൽ വോട്ടർമാരുടെ പേരുകൾ നഷ്ടപ്പെട്ട സ്ഥലങ്ങളിൽ റീപോളിംഗ് നടത്തണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
ഇതിനിടയിൽ 830 പേരുടെ വോട്ട് നഷ്ടപ്പെട്ടെന്ന് ആരോപിച്ച് കോയമ്പത്തൂരിലെ ഗൗണ്ടം പാളയം പ്രദേശത്തെ പോളിംഗ് സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ ധർണയും നടത്തി. കോയമ്പത്തൂർ ഗൗണ്ടം പാളയം പിഎൻഡി കോളനിയിലെ അംഗപ്പ സ്‌കൂളിലെ പോളിംഗ് സ്റ്റേഷനിൽ നിന്നാണ് 830 പേരുടെ വോട്ടുകൾ നഷ്ടപ്പെട്ടത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 1353 പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ, ഇത്തവണ വോട്ടർ പട്ടികയിൽ 523 പേരുകളാണുള്ളത്.















