തൃശൂർ: അസാധാരണമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച് തൃശൂർ. രാത്രിപ്പൂരത്തിനിടെ പൊലീസിന്റെ ബലപ്രയോഗം അതിരുവിട്ടതോടെ പൂരം നിർത്തി വച്ച് തിരുവമ്പാടി വിഭാഗം. അലങ്കരാര പന്ത ലിലെ ലൈറ്റുകൾ അണച്ച് പ്രതിഷേധമറിയിച്ചു. വെടിക്കെട്ടിന് അനാവശ്യ നിയന്ത്രണമേർപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്. പിന്നാലെ പുലർച്ചെ 5.40-ഓടെ തിരുവമ്പാടി വിഭാഗം ലൈറ്റുകൾ തെളിച്ചു.
പാറമേക്കാവിന്റെ വെടിക്കെട്ട് ഇന്ന് രാവിലെ 6.30-ന് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പിന്നാലെ വെടിക്കെട്ട് നടത്തുമെന്ന് തിരുവമ്പാടിയും അറിയിച്ചു. എന്നാൽ എപ്പോൾ നടത്താൻ കഴിയുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും തിരുവമ്പാടി വിഭാഗം അറിയിച്ചു. ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമായിരിക്കും നടത്താൻ കഴിയുക. ജില്ലാ ഭരണകൂടവുമായി ആലോചിച്ച് സമയം തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുൻപ് തന്നെ പൊലീസ് ആളുകളെ തടഞ്ഞിരുന്നു. ഇതോടെ തർക്കമുണ്ടായി. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്ത് പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണ് പ്രകോപനം സൃഷ്ടിച്ചത്. പിന്നാലെ രാത്രി എഴുന്നള്ളിപ്പിനിടെ വാദ്യക്കാരെയും ആനകളെയും തടഞ്ഞത് വീണ്ടും പ്രശ്നം സൃഷ്ടിച്ചു. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്‌ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. ചരിത്രത്തിലാദ്യമായാണ് ഇത്തരം സംഭവം.















