ഇസ്ലാമാബാദ് : യൂട്യൂബറുടെ തല ഷാൾ കൊണ്ട് മറയ്ക്കാൻ ശ്രമിച്ച് പാക് യുവാവ്. ഇന്ത്യയെ പിന്തുണച്ച് സംസാരിക്കുന്ന ഷൈല ഖാൻ എന്ന യൂട്യൂബറുടെ തലയിലാണ് പാക് യുവാവ് പരസ്യമായി തുണി കൊണ്ട് മൂടിയത് .
ഏകദേശം 6 ലക്ഷം ഫോളോവേഴ്‌സുള്ള ജനപ്രിയ യൂട്യൂബർ ആണ് ഷൈല . ഇറാൻ-ഇസ്രായേൽ സംഘർഷത്തെ കുറിച്ചും പാകിസ്താനെ ഇത് എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചും ആളുകളോട് സംസാരിക്കുകയായിരുന്നു ഷൈല ഖാൻ. ഇതിനിടെയാണ് ഷൈലയോട് സംസാരിച്ചിരുന്ന ഒരു യുവാവ് തന്റെ ഷാൾ അഴിച്ച് ഷൈല ഖാന്റെ തലയിൽ വച്ചത് . ഇതൊരു ഇസ്ലാമിക രാജ്യമാണെന്നും അള്ളാഹുവിന്റെ കൽപ്പനകൾ പാലിക്കണമെന്നും യുവാവ് പറഞ്ഞു.
ഒരു ഇസ്ലാമിക രാജ്യത്ത് തല മറയ്‌ക്കാതെ നിങ്ങൾ എന്റെ മുന്നിൽ നിൽക്കുന്നു, എന്ന് പറഞ്ഞാണ് യുവാവ് ഷൈല ഖാന്റെ തല മറച്ചത് . യുവാവിന്റെ പ്രവൃത്തി ഒട്ടും ഇഷ്ടപ്പെടാത്ത ഷൈല ഖാൻ ഉടൻ തന്നെ അത് നീക്കം ചെയ്യുകയും യുവാവിനെ എതിർക്കുകയും , ചോദ്യം ചെയ്യുകയും ചെയ്തു. ‘ സഹോദരാ, എന്തുകൊണ്ടാണ് നിങ്ങളുടെ ഇസ്ലാം ദുപ്പട്ടയിൽ തുടങ്ങുന്നതും അവസാനിക്കുന്നതും? എന്നായിരുന്നു ഷൈല ഖാന്റെ ചോദ്യം .
തന്റെ അനുവാദമില്ലാതെ തന്നെ സ്പർശിച്ചതാണ് ഏറ്റവും വലിയ പാപമെന്നും ഷൈലാഖാൻ പറയുന്നു. “ഇതാണോ ഇസ്ലാം നിങ്ങളെ പഠിപ്പിക്കുന്നത്,” എന്നും അവർ ചോദിച്ചു. ഇതിനിടെ ഷൈല ഖാന് പിന്തുണയുമായെത്തിയ സ്ത്രീകളും യുവാവിനെ എതിർത്തു . ‘ അവർ തല മറയ്‌ക്കണോ , വേണ്ടയോ എന്നത് അവർ തീരുമാനിക്കേണ്ട കാര്യമാണ്. നിങ്ങളല്ല, ”എന്നാണ് ഷൈലാഖാന്റെ പിന്തുണച്ച സ്ത്രീകൾ പറഞ്ഞത്. യുവാവിന്റെ ചിന്തയിലെ വൈകല്യത്തെ കുറിച്ച് പറഞ്ഞ ഷൈലാ ഖാനോട് താൻ മദ്രസകളിൽ നിന്നാണ് പഠിച്ചതെന്നും യുവാവ് മറുപടി പറയുന്നു.















