സ്ലം ഡോഗ് മില്ല്യനയർ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ പാട്ട് എ.ആർ.റഹ്മാൻ കംപോസ് ചെയ്തതല്ലെന്നു വെളിപ്പെടുത്തി സംവിധായകൻ രാം ഗോപാൽ വർമ. എ.ആർ.റഹ്മാന് ഓസ്കർ ഉൾപ്പെടെ നിരവധി ലോകോത്തര പുരസ്കാരങ്ങൾ നേടിക്കൊടുത്ത ഗാനമാണിത് . എന്നാൽ ഇത് യഥാർത്ഥത്തിൽ ഗായകൻ സുഖ്‌വിന്ദർ സിങ് ആണ് ചിട്ടപ്പെടുത്തിയതെന്ന് രാം ഗോപാൽ വർമ പറഞ്ഞു. അടുത്തിടെ ഫിലിം കമ്പാനിയനു നൽകിയ അഭിമുഖത്തിലാണ് രാം ഗോപാൽ വർമ ഗുരുതര ആരോപണം ഉന്നയിച്ചത്.
‘ 2008ൽ സൽമാൻ ഖാനും കത്രീന കൈഫും മുഖ്യ വേഷങ്ങളിലെത്തിയ ‘യുവരാജ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം ജയ് ഹോ എന്ന ഗാനം ചിട്ടപ്പെടുത്തിയത്. സുഖ്‌വിന്ദർ സിങ് ആണ് പാട്ടിനു പിന്നിൽ. പാട്ടൊരുക്കുന്ന വേളയിൽ റഹ്മാൻ ലണ്ടനിലായിരുന്നു. സംവിധായകൻ സുഭാഷ് ഘായ് ആകട്ടെ എത്രയും വേഗം പാട്ട് ചിത്രീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. തിരക്ക് കൂടിയതിനാൽ റഹ്മാൻ പാട്ട് ചിട്ടപ്പെടുത്താൻ സുഖ്‌വിന്ദറിനെ ഏൽപ്പിച്ചു. അങ്ങനെയാണ് അദ്ദേഹം ജയ് ഹോ ഈണം സൃഷ്ടിച്ചത്. എന്നാൽ ഈ ഗാനം യുവരാജ് എന്ന ചിത്രത്തിന് അനുയോജ്യമല്ലെന്ന് നിർമാതാവ് തീരുമാനിച്ചു. അങ്ങനെ ചിത്രത്തിൽ നിന്നും പാട്ട് ഒഴിവാക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം സ്ലം ഡോഗ് മില്ല്യനയർ എന്ന ചിത്രത്തിനു വേണ്ടി റഹ്മാൻ ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു.
എന്നാൽ തന്നിൽ നിന്നും കോടികൾ പ്രതിഫലം വാങ്ങിയ റഹ്മാൻ, സുഖ്‌വിന്ദർ ചിട്ടപ്പെടുത്തിയ ഈണമാണ് തനിക്കു നൽകിയതെന്നറിഞ്ഞപ്പോൾ സുഭാഷ് ഘായ് പൊട്ടിത്തെറിച്ചു. എന്ത് ധൈര്യത്തിലാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നു ചോദിച്ചു എന്നാൽ ‘ നിങ്ങൾ എന്റെ പേരിനാണ് പണം നൽകുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു വേണ്ടി മറ്റൊരാൾ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്നു ഞാൻ അംഗീകരിച്ചാൽ അത് എന്റെ പേരിലാകും . എന്റെ ഡ്രൈവറിനു പോലും ചിലപ്പോൾ സംഗീതം സൃഷ്ടിക്കാനാകും. അല്ലെങ്കിൽ മറ്റാർക്കെങ്കിലും. അത് എന്റെ പേരിൽ വന്നാൽ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും’ എന്നായിരുന്നു റഹ്മാന്റെ പ്രതികരണമെന്നും രാം ഗോപാൽ വർമ പറഞ്ഞു.
2009ൽ മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് ‘ജയ് ഹോ’ ഓസ്കർ നേടിയത്.