ലുധിയാന: ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛർദ്ദിച്ച് ഒന്നര വയസ്സുകാരി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ആരോഗ്യസ്ഥിതി വഷളായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലാവധി കഴിഞ്ഞ ചോക്ലേറ്റാണ് കുഞ്ഞ് കഴിച്ചതെന്ന് കണ്ടെത്തി.
കുഞ്ഞും കുടുംബവും ബന്ധുവീട് സന്ദർശിച്ചു മടങ്ങിയപ്പോൾ മധുര പലഹാരങ്ങളടങ്ങിയ സമ്മാനപ്പൊതി ലഭിച്ചിരുന്നു. അതിലുണ്ടായിരുന്ന ചോക്ലേറ്റ് ആണ് കുഞ്ഞ് കഴിച്ചത്. മെഡിക്കൽ പരിശോധനയിൽ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതിനെ തുടർന്നാണ് കുഞ്ഞ് അവശനിലയിലായതെന്നു കണ്ടെത്തി. സംഭവം പഞ്ചാബിലെ ആരോഗ്യ വകുപ്പിലും പൊലീസിലും അറിയിച്ചു.
തുടർന്ന് സമ്മാനപ്പൊതി വാങ്ങിയ കടയിൽ പോലീസും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ആണ് വിൽക്കുന്നതെന്നു കണ്ടെത്തി. കടയിലുണ്ടായിരുന്ന കാലാവധി കഴിഞ്ഞ പലഹാരങ്ങളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.