ഭാരതത്തിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങൾക്ക് ‘അജ്ഞാതമായ സ്വർഗ്ഗം’ എന്നും വിളിപ്പേരുണ്ട്. സപ്ത സഹോദരിമാർ എന്ന് വിശേഷിപ്പിച്ചിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ പറ്റി മറ്റു പ്രദേശങ്ങളിലുള്ളവർക്ക് വലിയ അറിവില്ലായിരുന്നു. അൽപമെങ്കിലും ധാരണയുള്ളവരാകട്ടെ നല്ല കഥകളോന്നും പറഞ്ഞതുമില്ല. ‘ആകാശത്ത് പറക്കുന്നതിൽ വിമാനം ഒഴികെ, ഓടുന്നതിൽ വാഹനങ്ങളൊഴികെ എല്ലാറ്റിനെയും കഴിക്കുന്നവർ’ എന്നൊരു ചൊല്ലുതന്നെ വടക്കുകിഴക്കൻ പ്രദേശത്തെ തനത് ജനതയെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് പറയാറുണ്ട്. കേരളത്തിൽ കാസർകോടിനെ പറയുന്നത് പോലെ, കേന്ദ്രസർക്കാർ ജീവനക്കാർക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കൊടുക്കാൻ വേണ്ടി ഒരു മേഖല എന്നായിരുന്നു ഉദ്യോഗസ്ഥവൃന്ദം പോലും ഇതിനെ വിശേഷിപ്പിച്ചിരുന്നത്. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2001ൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് മാത്രമായി മന്ത്രാലയം ആരംഭിച്ചിരുന്നു. എന്നാൽ പിന്നീട് വന്ന സർക്കാരുകൾ ഈ മന്ത്രാലത്തെ ബോധപൂർവ്വം അവഗണിച്ചു.
വികസനമില്ലായ്മയും വിഘടനവാദവും കൂടിയായപ്പോൾ ഭാരതത്തിന്റെ ഭാഗമല്ലെന്ന തോന്നൽ അവിടത്തെ ജനതയിലും ഉടലെടുത്തു. ഭാരത വിരുദ്ധ മനോഭാവമുള്ള ചൈന പോലുള്ള രാജ്യങ്ങളുടെ നേരിട്ടുള്ള ഇടപെടൽ പ്രശ്‌നം രൂക്ഷമാക്കി. അത്രയേറെ അനിശ്ചിതത്വത്തിലൂടെയും രാജ്യവിരുദ്ധ മനോഭാവത്തിലൂടെയും പ്രദേശം കടന്നു പോകുന്ന സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക പ്രധാന അജണ്ടയായി തന്നെ അവർ ഏറ്റെടുത്തു.
2014 ലെ ബിജെപിയുടെ ഇലക്ഷൻ മാനിഫസ്റ്റോയിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം ഏത് രീതിയിലാകണമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ പ്രകടനപത്രിക വിഭാവനം ചെയ്ത വികസന നയമാണ് കഴിഞ്ഞ പത്ത് വർഷം കൊണ്ട് മോദി സർക്കാർ നടപ്പിലാക്കിയത്. വാക്ക് വെറുംവാക്കല്ലെന്നും അത് മോദിയുടെ ഗ്യാരന്റിയാണെന്നും വീണ്ടും തെളിയിക്കുന്ന പ്രവർത്തനങ്ങൾക്കാണ് പ്രദേശം സാക്ഷ്യം വഹിച്ചത്. ഗതാഗതം മുതൽ ദ്രുതഗതിയിലുള്ള ഇൻഫ്രാസ്ട്രക്ചർ വികസനം വരെ, കഴിഞ്ഞ 10 വർഷത്തിനിടയിൽ അഭൂതപൂർവമായ പരിവർത്തനമാണിവിടെ നടന്നത്. Act Fast For Northeast and Act fast for Northeast എന്ന നയമാണ് മാറ്റത്തിന് ചാലകശക്തിയായത്.
സപ്ത സഹോദരിമാർ…. ഇന്ന് അഷ്ടലക്ഷ്മിമാർ
2014ൽ വടക്ക് കിഴക്കൻ ഭൂപ്രദേശങ്ങളുടെ അതേ സവിശേഷതയുള്ള സിക്കിമിനെയും കൂട്ടിച്ചേർത്ത് സപ്ത സഹോദരിമാരെ അഷ്ടലക്ഷ്മിമാർ എന്ന് നരേന്ദ്രമോദി പുനർനാമകരണം ചെയ്തു. പ്രദേശത്തെ റീബ്രാൻഡിംഗ് കൂടിയാണ് മോദിയുടെ ലക്ഷ്യം. ഇതിന് പിന്നാലെ Look East Policy ക്ക് രൂപം നൽകി. തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമായാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മോദി വിഭാവനം ചെയ്തത്. പിന്നീട് പ്രദേശം സാക്ഷ്യം വഹിച്ചത് സർവമേഖലയേയും ഉൾക്കൊണ്ടുകൊണ്ടുള്ള വികസനത്തിനാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശിയതെങ്ങനെ, അത് ലക്ഷ്യം തൊട്ടോ, വിശദമായി അറിയാം….
ആക്ട് ഈസ്റ്റ് പോളിസി
വടക്കുകിഴക്കൻ ഭാരതം ഇപ്പോൾ വളർച്ചയുടെയും വികസനത്തിന്റെയും സമൃദ്ധിയുടെയും ഒരു യുഗത്തിലൂടെയാണ് കടന്നു പോകുന്നത്. പുതിയ ഇന്ത്യയുടെ വളർച്ച എഞ്ചിനെന്നാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ മോദി വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി പദത്തിലെത്തിയതിന് ശേഷം 60 ലേറെ തവണ മോദി ഇവിടം സന്ദർശിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരാകട്ടെ 800 ലേറെ പ്രാവശ്യവും. രണ്ട് ആഴ്ചയിൽ ഒരിക്കൽ ഒരു കേന്ദ്രമന്ത്രി പ്രദേശം സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോ മന്ത്രാലയത്തിന്റേയും ചുമതല വഹിക്കുന്ന മന്ത്രിമാർ നേരിട്ട് പോയാണ് വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. 2014 മുതൽ വാജ്പേയി സർക്കാർ ആരംഭിച്ച വടക്ക് കിഴക്കൻ മന്ത്രാലത്തിന്റെ പ്രവർത്തനം പുനരുജ്ജീവിപ്പിച്ചു. മന്ത്രാലയങ്ങളും വകുപ്പുകളും പ്രദേശത്ത് നടപ്പിലാക്കുന്ന പദ്ധതികൾ ഏകോപ്പിക്കുന്നതിനായി മന്ത്രാലയം ഡാറ്റാ അനലിറ്റിക്‌സ് ഡാഷ്‌ബോർഡും, പൂർവോത്തർ സമ്പർക്ക് സേതു പോർട്ടലും ആരംഭിച്ചു. 55 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി നടക്കുന്ന 112 ബൃഹത്പദ്ധതികളുടെ കേന്ദ്രീകൃത നീരീക്ഷണം ഇതിലൂടെ സാധ്യമാകുന്നു.
ദുർഘടമായ മലനിരകൾ നിറഞ്ഞ വടക്കു കിഴക്കൻ മേഖലയിലെ സാധ്യമായ എല്ലാ പ്രദേശത്തും റോഡ് കണക്ടിവിറ്റിയും, റെയിൽ കണക്ടിവിറ്റിയും, എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും വിമാനത്താവളവും നിർമിക്കാനുളള പദ്ധതി മോദി സർക്കാർ തയ്യാറാക്കി. ഇതിനെല്ലാം അടിസ്ഥാനപരമായി വേണ്ടത് പണമാണ്. 2015 മുതൽ പ്രദേശത്തിന്റെ ബഡ്ജറ്റ് വിഹിതം മൂന്നിരട്ടിയായി വർധിപ്പിച്ചു. ഒപ്പം രണ്ട് കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരും അടക്കം മന്ത്രസഭയിൽ ഉയർന്ന പ്രാതിനിധ്യവും ഉറപ്പാക്കി. ത്രിപുരയിൽ നിന്നുള്ള പാർലമെന്റ് അംഗം ആദ്യമായാണ് കേന്ദ്ര മന്ത്രിസഭയിൽ ഇടംപിടിച്ചത്.
റോഡ് ഗതാഗതം
റോഡ് കണക്റ്റിവിറ്റി ഏറ്റവും കുറവുള്ള പ്രദേശമായിരുന്നു 2014 വരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ. വികസനത്തിന്റെ ആണിക്കല്ലാണ് ഗതാഗതം. അതുകൊണ്ട് ആദ്യ വർഷം തന്നെ എട്ട് സംസ്ഥാന തലസ്ഥങ്ങളേയും പരസ്പരം ബന്ധിപ്പിക്കാനുള്ള പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. ഇതിന്റെ ഫലമായി 1,02,594 കോടി രൂപ ചെലവിൽ 261 റോഡ് പ്രോജക്ടുകളാണ് പത്ത് വർഷം കൊണ്ട് പ്രദേശത്ത് നടപ്പിലാക്കിയത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI), നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (NHIDCL), സംസ്ഥാനങ്ങളിലെ പൊതുമരാമത്ത് വകുപ്പുകൾ (PWDs) എന്നിവ മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിനുപുറമെ, മുൻ നോർത്ത് ഈസ്റ്റ് റോഡ് സെക്ടർ ഡെവലപ്മെന്റ് സ്‌കീം, നോർത്ത് ഈസ്റ്റ് സ്പെഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സ്‌കീം, നോർത്ത് ഈസ്റ്റേൺ കൗൺസിൽ എന്നിവയ്‌ക്ക് കീഴിൽ 128 പദ്ധതികൾക്കായി 7,700 കോടി രൂപയാണ് വകയിരുത്തിയത്.
റെയിൽവെ ഗതാഗതം
രണ്ടാം യുപിഎ സർക്കാരിന്റെ (2009-14) കാലവുമായി താരതമ്യം ചെയ്യുമ്പോൾ, മോദി സർക്കാരിന്റെ കാലത്ത് റെയിൽവെയുടെ ശരാശരി വാർഷിക വിഹിതത്തിൽ 370% വർധനവ് ഉണ്ടായി. 2014 ന് മുമ്പ്, വടക്ക് കിഴക്കൻ മേഖലയിലെ റെയിൽ ശൃംഖലയുമായി ഗുവാഹത്തി (അസം)ക്ക് മാത്രമായിരുന്നു ബന്ധം. ഇന്ന് ക്യാപിറ്റൽ കണക്റ്റിവിറ്റി പദ്ധതിക്ക് കീഴിൽ, ഇറ്റാനഗറും (അരുണാചൽ പ്രദേശ്), അഗർത്തലയും (ത്രിപുര) തമ്മിൽ ബന്ധിപ്പിച്ചു. 81,941 കോടി രൂപ ചെലവിൽ 1909 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പാതയ്‌ക്കാണ് റെയിൽ മന്ത്രാലയം അനുമതി നൽകിയത്. 2023 മാർച്ചിലെ കണക്ക് പ്രകാരം 37,713 കോടി രൂപയുടെ 482 കിലോമീറ്റർ റെയിൽവെ ലൈൻ നിർമാണം പൂർത്തീകരിച്ചു . പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടിയ പ്രധാന പദ്ധതിയാണ് അഖൗര (ബംഗ്ലാദേശ്)- അഗർത്തല (ത്രിപുര) ക്രോസ്-ബോർഡർ റെയിൽ ലിങ്ക് പദ്ധതി. 392.52 കോടി രൂപ ചെവഴിച്ച് കേന്ദ്ര സർക്കാർ പൂർത്തീകരിച്ച റെയിൽവെ ലൈനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്നാണ് നിർവഹിച്ചത്.
ജലഗതാഗതം
ഭാരതത്തിലെ ഏറ്റവും വീതികൂടിയ നദിയായ ബ്രഹ്മപുത്ര ഒഴുകുന്ന ഇടമായിട്ടു കൂടി ജലഗതാഗതത്തിന് യാതൊരു പ്രാധാന്യവുമില്ലാത്ത സ്ഥമാണ് വടക്ക് കിഴക്കൻ മേഖല. 2014 വരെ ഒരു ജലപാത മാത്രമായിരുന്നു സംസ്ഥാനങ്ങളിലൂടെ കടന്ന് പോയിരുന്നത്. ഇന്ന് ഇതിന്റെ എണ്ണം 20 ആയി. ജലപാത വികസനത്തിന് മാത്രമായി 10 വർഷം കൊണ്ട് 1,040 കോടി രൂപയാണ് മോദി സർക്കാർ ചെലവഴിച്ചത്. ഇതിന്റെ ഫലമായി ഇൻഡോ ബംഗ്ലാദേശ് പ്രോട്ടോക്കോൾ റൂട്ട് (IBPR) വഴി ചരക്ക് കൈമാറ്റം 170% ആയി വർധിച്ചു. ഇതു കൂടാതെ 208 കോടി രൂപ മുതൽമുടക്കിൽ പ്രദേശത്തെ ആദ്യത്തെ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം ബ്രഹ്‌മപുത്ര നദിക്കരയിൽ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ച് കഴിഞ്ഞു. തുറമുഖ- ഷിപ്പിംഗ്- ജലപാത മന്ത്രാലയത്തിന്റെ സാഗർമാല പ്രോഗ്രാമിന് കീഴിൽ 1,000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് ഈ മേഖലയിൽ പുരോഗമിക്കുന്നത്.
വ്യോമയാനം
വടക്കുകിഴക്കൻ ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണത്തിലും അഭൂതപൂർവമായ കുതിച്ചുചാട്ടമാണ് ഉണ്ടായത്. മേഖലയിലെ വിമാനത്താവളങ്ങളുടെ എണ്ണം ഒമ്പതിൽ നിന്ന് 16 ആയി ഉയർന്നു, കൂടാതെ 2014-ന് മുമ്പ് 900 ആയിരുന്ന സർവീസുകളുടെ എണ്ണം 1900 ആയി ഉയർന്നു. ചില സംസ്ഥാനങ്ങൾ ആദ്യമായി വ്യോമയാന ഭൂപടത്തിൽ ഇടംനേടിയത് മോദിയുടെ കാലത്താണ്. സിക്കിമിലെ പാക്യോങ്ങിലെ ഗ്രീൻഫീൽഡ് എയർപോർട്ട് (സെപ്റ്റംബർ, 2018), അരുണാചൽ പ്രദേശിലെ ഇറ്റാനഗറർ എയർപോർട്ടും (നവംബർ, 2022) എന്നിവ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
സമാധാനത്തിന്റെ വഴിയെ
സമാധാനമുള്ള ഇടത്ത് മാത്രമേ സമൃദ്ധിയുണ്ടാകൂ. ഇത് മുൻകൂട്ടി കണ്ട മോദി സർക്കാർ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലത്തിനോട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകാൻ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നിരവധി തവണയാണ് സ്ഥിതി നേരിട്ട് വിലയിരുത്താൻ പ്രദേശത്ത് എത്തിയത്. ബോഡോ, നാഗ, കർബി, ത്രിപുരി, ബ്രൂ തുടങ്ങി വിവിധ ഗ്രൂപ്പുകളുമായി ചരിത്രപരമായ സമാധാന ഉടമ്പടിയിയിലെത്തിയതിന്റെ ഫലമായി 8,600 ലധികം പേരാണ് ആയുധം വെച്ച് കീഴടങ്ങി മുഖ്യധാരയിലേക്ക് വന്നത്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പറ്റിയുള്ള മീഡിയ റിപ്പോർട്ടുകളിൽ ഏറ്റവും അധികം കേട്ടിരുന്ന വാക്കാണ് അഫ്സ്പ. പ്രസ്തുത നിയമം ഭാഗികമായി പിൻവലിക്കാനും ആഭ്യന്തര മന്ത്രാലത്തിന് കഴിഞ്ഞു. ത്രിപുര, മേഘാലയ എന്നിവിടങ്ങളിൽ അഫ്സ്പ പൂർണ്ണമായും എടുത്തുമാറ്റി. നിലവിൽ അസം, നാഗാലാൻഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലെ വളരെ ചെറിയ പ്രദേശത്ത് മാത്രമാണ് നിയമം നിലവിലുള്ളത്.
മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങൾ വിജയം കണ്ടതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2004 മുതൽ 2014 വരെ വടക്കുകിഴക്കൻ മേഖലയിൽ 11200 ആക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2014 മുതൽ 2023 വരെ ഇത് 73 ശതമാനം കുറഞ്ഞ് 3114 ആയി. സുരക്ഷാ സേനകൾക്കിടയിലെ മരണം 458 ൽ നിന്ന് 132 ആയി. ഒപ്പം സിവിലിയൻ മരണങ്ങളും 86 ശതമാനം കുറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിഘടനവാദ ഗ്രൂപ്പുകൾ കീഴടങ്ങി മുഖ്യധാരയിലേക്ക് വന്നതാണ് ആക്രമങ്ങൾ കുറയാൻ പ്രധാന കാരണം.
വിദ്യ കൊണ്ട് ശക്തരാക്കുക
എട്ട് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ മേഖലയുടെ പുനരുദ്ധാരണത്തിനായി 21,151 കോടി രൂപയാണ് മോദി സർക്കാർ ചെലവഴിച്ചത്. 2014 ന് ശേഷം 843 സർക്കാർ സ്‌കൂളുകളാണ് പുതിയതായി സ്ഥാപിച്ചത്. സ്‌കൂൾ തലത്തിൽ മാത്രമല്ല, ഉന്നത വിദ്യാഭ്യാസ തലത്തിലും വിവിധ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങി. 8 മെഡിക്കൽ കോളേജുകൾ, 2 ഐഐഐടികൾ (മണിപ്പൂർ, ത്രിപുര), ഐഐഎംസി (മിസോറാം), എയിംസ് (അസം), സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി (മണിപ്പൂർ) എന്നിവയാണ് ഇതിൽ പ്രധാനം.
ഗ്രാമങ്ങളിൽ വികസനത്തിന്റെ വെളിച്ചം
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ മുഖ്യപങ്കും ഗ്രാമങ്ങളിലാണ് അധിവസിക്കുന്നത്. വികസനത്തിന്റെ വെളിച്ചം എത്താത്ത ഗ്രാമങ്ങളിൽ വൈദ്യുതി പോലും ലഭ്യമല്ലായിരുന്നു. ഇത് കണ്ടറിഞ്ഞ മോദി സർക്കാർ 2014- 15 മുതൽ വിവിധ ഗ്രാമീണ പദ്ധതികൾക്കായി 37,092 കോടി രൂപയാണ് അനുവദിച്ചത്. സൗഭാഗ്യ യോജന പ്രകാരം 77 ലക്ഷം വീടുകൾ വൈദ്യുതീകരിച്ചു. ദീൻ ദയാൽ ഉപാധ്യായ് ഗ്രാം ജ്യോതി യോജന പ്രകാരം 5,790 ഗ്രാമങ്ങളിൽ വെളിച്ചമെത്തി. ടെലികോം കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് മാത്രമായി 2014 മുതൽ 4,360 കോടി രൂപയാണ് മാറ്റിവെച്ചത്. 12,690-ലധികം ഗ്രാമപഞ്ചായത്തുകളിൽ ഭാരത് നെറ്റ് പദ്ധതി വഴി ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഉറപ്പ് വരുത്തി.
അങ്ങിനെ കഴിഞ്ഞ പത്ത് വർഷത്തെ മോദി സർക്കാരിന്റെ ഭരണത്തിന് കീഴിൽ അഷ്ടലക്ഷ്മിമാർ ആ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ പുതിയൊരു ഐശ്വര്യത്തിലേക്ക് കുതിക്കുകയാണ്. തങ്ങൾ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നുളള വിശ്വാസം ആ പ്രദേശത്തെ ഓരോ പൗരന്മാർക്കും ഉണ്ടായി എന്നതാണ് ഈ മാറ്റത്തിന്റെ അടിത്തറ. ഇനിയങ്ങോട്ടുള്ള കാലത്ത് മോദി സർക്കാർ മോടി കൂട്ടിയ അഷ്ടലക്ഷ്മിമാർ ഈ നാടിന്റെ പ്രകാശഗോപുരങ്ങളായി മാറുമെന്നതിൽ സംശയമില്ല.
പ്രിയ നമ്പ്യാർ