ന്യൂഡൽഹി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച മുസ്ലീം യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി . 2023 ജൂണിലാണ് യുവാവ് 15 കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചത് .
തുടർന്ന് പെൺകുട്ടിയുടെ പിതാവ് യുവാവിനെതിരെ പൊലീസിൽ പരാതി നൽകി . മകളെ വീട്ടിൽ നിന്ന് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയെന്നും പിതാവ് പരാതിയിൽ ആരോപിച്ചിരുന്നു. തട്ടിക്കൊണ്ടുപോകലിനും , മറ്റ് വകുപ്പുകൾക്കും പുറമെ പോക്‌സോ നിയമപ്രകാരവുമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അന്വേഷണത്തിനൊടുവിൽ 2024 ഫെബ്രുവരിയിലാണ് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പെൺകുട്ടിയെ പ്രായം പരിഗണിച്ച്, പഞ്ചാബ് ചിൽഡ്രൻസ് ഹോമിലേക്ക് അയച്ചു. പഠന രേഖകളിൽ പെൺകുട്ടിയുടെ ജനനത്തീയതി 2008 ആണെന്നും കോടതി കണ്ടെത്തി.
പെൺകുട്ടിയെ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്താനായില്ല . ഒളിവിൽ പോയ യുവാവ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 15 വയസ്സുള്ള പെൺകുട്ടിയുടെ വിവാഹം മുസ്ലീം വ്യക്തിനിയമപ്രകാരം നിയമാനുസൃതമാണെന്നാണ് പ്രതിയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുഹമ്മദ് സലിം വാദിച്ചത് . ഇതിനെ എതിർത്ത കോടതി പ്രതിക്ക് മുൻകൂർ ജാമ്യം പോലുള്ള ഇളവ് നൽകാൻ വിസമ്മതിച്ചു.പെൺകുട്ടിക്ക് 15 വയസ്സായതിനാൽ പോക്‌സോ നിയമപ്രകാരമുള്ള നടപടി ന്യായമാണെന്നും കോടതി വ്യക്തമാക്കി















