ബെംഗളൂരു: കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ ഹിരേമത്തിനെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കർണാടകയിൽ പ്രതിഷേധം അലയടിക്കുകയാണ്. സംഭവത്തിൽ വിവിധ സന്യാസി മഠങ്ങളിലെ സന്യാസി വര്യൻമാരും രാഷ്ട്രീയ നേതാക്കളും തങ്ങളുടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പ്രതികരിച്ച് കന്നട സിനിമാ താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി, ശിവരാജ് കുമാർ, ധ്രുവ സർജ, നടി രചിത റാം, ദർശൻ, രക്ഷിത് ഷെട്ടി എന്നിവർ തങ്ങളുടെ പ്രതികരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ സംഭവങ്ങൾ ഇനി ഉണ്ടാകരുത്. മകളെ നഷ്ടപ്പെട്ട ആ മാതാപിതാക്കളുടെ ദുഃഖം കാണാനാകില്ല. നേഹ ഹിരേമത്തിന്റെ മരണത്തിൽ നമ്മുടെ സർക്കാരും നീതിന്യായ സംവിധാനവും പൊലീസും എത്രയും വേഗം നീതി ലഭ്യമാക്കണമെന്നാണ് അഭ്യർത്ഥനയെന്ന് നടൻ ശിവരാജ് കുമാർ തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
നേഹ ഹിരേമത്തിന്റെ കൊലപാതകം മനുഷ്യത്വരഹിതമാണ്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ദുഃഖം താങ്ങാനുള്ള ശക്തി നേഹയുടെ കുടുംബത്തിന് ദൈവം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നുയെന്നായിരുന്നു നടൻ ഋഷഭ് ഷെട്ടി എക്സിൽ പങ്കുവച്ച കുറിപ്പ്.
കുറ്റക്കാർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് നടൻ രക്ഷിത് ഷെട്ടിയും സോഷ്യൽ മീഡിയയിൽ കുറിച്ചു. നേഹയ്ക്ക് നീതി തേടി നടൻ ഋഷഭ് ഷെട്ടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും രക്ഷിത് ചേർത്തിരുന്നു.
സർക്കാരിനോട് എന്റെ അഭ്യർത്ഥന! രാഷ്ട്രീയ കൊലപാതമായി ഈ വിഷയത്തെ കാണരുത്. നേഹയ്ക്ക് നീതി ലഭിക്കണം. ഇവിടെ ജാതിയും മതവും നോക്കി വേർതിരിവുകളും പാടില്ല, നമ്മളെല്ലാവരും മനുഷ്യരാണ്. എന്നായിരുന്നു സംഭവത്തിൽ പ്രതികരിച്ച് നടി രചിത റാം പങ്കുവച്ച കുറിപ്പ്.
പ്രണയത്തിന്റെ പേരിൽ ഇത്തരത്തിൽ ഒരു മനുഷ്യത്വരഹിതമായ ക്രൂരത ചെയ്യാൻ ആർക്കും അവകാശമില്ല. പ്രതിയ്ക്ക് തക്കതായ ശിക്ഷ ലഭിക്കണം. നേഹാ ഹിരേമത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം തന്റെ കുടുംബത്തിന് നൽകട്ടെ നൽകട്ടെയെന്നായിരുന്നു നടൻ ദർശന്റെ കുറിപ്പ്.
സഹോദരി നേഹ ഹിരേമത്തിന്റെ കൊലപാതകം അത്യന്തം ഹീനമായ പ്രവൃത്തിയാണ്. കാമ്പസിനുള്ളിൽ വച്ച് നടന്ന ഇത്തരത്തിലൊരു സംഭവം എല്ലാവരെയും ഭയപ്പെടുത്തുന്നതായിരുന്നു. സർക്കാർ ഈ കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റി വിധി പറയണമെന്നും എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടത്തി കുറ്റവാളിക്ക് കടുത്ത ശിക്ഷ നൽകണമെന്നും അഭ്യർത്ഥിക്കുന്നുവെന്ന് നടൻ ധ്രുവ സർജയും പ്രതികരിച്ചു.















