റായ്പൂർ: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്ഗഡിലെ ബീജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലാണ് ഭീകരരെ കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
പ്രദേശത്ത് ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് ബിജാപൂർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു. ബിജാപൂരിൽ കമ്യൂണിസ്റ്റ് ഭീകരരുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പ്രദേശത്ത് പരിശോധന നടത്തിയത്.
കഴിഞ്ഞ 17-ന് ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ 29 കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഭീകരർക്കെതിരെ നടത്തിയ ഏറ്റവും വലിയ ഏറ്റുമുട്ടൽ ആയിരുന്നു ഇത്. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. സംഭവം നടന്ന സ്ഥലത്ത് നിന്നും വൻ ആയുധ ശേഖരവും പിടിച്ചെടുത്തിരുന്നു.
ഛത്തീസ്ഗഡിൽ കഴിഞ്ഞ നാല് മാസത്തിനിടെ 81 കമ്യൂണിസ്റ്റ് ഭീകരരാണ് കൊല്ലപ്പെട്ടത്. 125 ലധികം ഭീകരർ അറസ്റ്റിലാവുകയും 150 ഓളം ഭീകരർ കീഴടങ്ങുകയും ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.















