കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മുംബൈ സ്വദേശിയായ പ്രതിയെ കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ജോഷിയുടെ എറണാകുളത്തെ വീട്ടിൽ കവർച്ച നടന്നത്. 1 കോടി രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്. കവർച്ച നടന്നത് അറിഞ്ഞതോടെ ജോഷിയുടെ കുടുംബം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്വർണാഭരണങ്ങൾ, വജ്ര നെക്ലേസ്, വിലപിടിപ്പുള്ള വാച്ചുകൾ എന്നിവയാണ് മോഷണം പോയത്.
ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ മുറിയിലും ആളില്ലാതിരുന്ന മറ്റൊരു മുറിയിലുമാണ് മോഷ്ടാവ് കയറിയത്. അഭിലാഷ് സ്ഥലത്തില്ലായിരുന്നു. ഈ മുറിയിലെ അലമാര കുത്തിതുറന്നാണ് സാധനങ്ങൾ കവർന്നത്. ജോഷിയുടെ വീടിന് സമീപത്തുള്ള വീട് വഴിയാണ് മോഷ്ടാവെത്തിയതെന്നാണ് വിവരം. പ്രതിയുടെ സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യങ്ങളടക്കം അന്വേഷിച്ച് വരികയാണ്.















