ഭോപ്പാൽ : ജയ് ശ്രീറാം മുഴക്കി മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് . മധ്യപ്രദേശിലെ ബേതുലിൽ റാലിയെ അഭിസംബോധന ചെയ്യവെയാണ് കമൽനാഥ് ‘ജയ് ശ്രീറാം’ മുഴക്കിയത് . ഒപ്പം ജനക്കൂട്ടത്തോടും ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു . ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
കമൽനാഥും മകൻ നകുൽ നാഥും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയ്‌ക്കാണ് ഈ സംഭവം . അദ്ദേഹത്തിന്റെ വസതിക്ക് മുകളിൽ “ജയ് ശ്രീറാം” ആലേഖനം പതാക ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ, പതാക പിന്നീട് നീക്കം ചെയ്തു. വോട്ടിനായി ശ്രീരാമനെ കൂട്ടുപിടിക്കുന്ന കോൺഗ്രസ് നീക്കങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങളും ഉയരുന്നുണ്ട്.
അതേസമയം, മുൻ കോൺഗ്രസ് എംഎൽഎ ഹരി വല്ലഭ് ശുക്ല തന്റെ അനുയായികൾക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമൊപ്പം ശനിയാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു. കോൺഗ്രസിൽ നിരാശയുണ്ടെന്നും , പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിൽ മതിപ്പുണ്ടെന്നും ഹരി വല്ലഭ് ശുക്ല പറഞ്ഞു.