ഹൈദരാബാദ്: 19 കോടിയുടെ സ്വത്തുക്കളും തീർപ്പാക്കാത്ത 5 ക്രിമിനൽ കേസുകളും തന്റെ പേരിലുണ്ടെന്ന് വ്യക്തമാക്കി ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം. ഹൈദരാബാദിൽ നിന്ന് മത്സരിക്കുന്ന ഒവൈസി വെള്ളിയാഴ്ചയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.
ഒവൈസി സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 19 കോടി വിലവരുന്ന സ്വത്തുവിവരങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2.80 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും 16.01 കോടി രൂപയുടെ സ്ഥാവര (ഭൂമി, വാണിജ്യ, കാർഷിക) ആസ്തികളും ഉണ്ട്. 7 കോടി രൂപയുടെ വായ്പകളും നിലവിൽ 5 ക്രിമിനൽ കേസുകളും ഒവൈസിക്കെതിരായുണ്ട്. രണ്ട് തോക്കുകൾ കൈവശമുണ്ട്. ഒരു എൻപി ബോർ .22 പിസ്റ്റളും ഒരു എൻപി ബോർ 30-60 റൈഫിളുമാണ് സ്വന്തമായുള്ളത്. ഭാര്യയുടെ പേരിലുള്ളത് 5.16 കോടിയുടെ സ്വത്തുക്കളാണ്.
ബിജെപിയുടെ കെ മാധവി ലതയും ബിആർഎസിന്റെ ഗദ്ദം ശ്രീനിവാസ് യാദവുമാണ് ഹൈദരബാദ് മണ്ഡലത്തിലെ ഒവൈസിയുടെ എതിരാളികൾ. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിലാണ് ഹൈദരാബാദിൽ വോട്ടെടുപ്പ് നടക്കുന്നത്.















