തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട പരാതികളിൽ പൊലീസിന്റെ മുഖം രക്ഷിക്കാൻ സർക്കാർ. പൊലീസിന്റെ ഇടപെടലിൽ പൂരം അലങ്കോലമായതിനാലാണ് അടിയന്തരനടപടി സ്വീകരിക്കുന്നത്. പൂരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും.
കേസിൽ ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ പൊലീസ് കമ്മീഷണർ അങ്കിത്ത് അശോക്, അസിസ്റ്റൻറ് കമ്മീഷണർ സുദർശൻ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി നിർദേശവും നൽകി.
പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങൾ പൂരം നടത്തിപ്പിനെ പൂർണമായി താളം തെറ്റിക്കുകയായിരുന്നു. പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് നാല് മണിക്കൂറോളം വൈകി രാവിലെ ഏഴ് മണി മുതലാണ് തുടങ്ങിയത്. പൂരത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും വൈകി വെടിക്കെട്ട് നടത്തുന്നത്. പൂരപ്രേമികളിലും ഭക്തർക്കിടയിലും ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപു തന്നെ പൊലീസ് അടച്ച് ആളുകളെ തടഞ്ഞതും പ്രതിഷേധത്തിനിടയാക്കി.
ഇത് കൂടാതെ കുടമാറ്റത്തിന് കൊണ്ടുവന്ന ശ്രീരാമചന്ദ്രന്റെ കുടകൾ പൊലീസ് തടയുന്നതിന്റെ വീഡിയോ ജനം ടിവി പുറത്തുവിട്ടിരുന്നു. കമ്മീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിലായിരുന്നു കുടകൾ തടയുകയും കൊണ്ടുവന്നവരോട് കയർക്കുകയും ചെയ്തത്. പൂരത്തിനിടെ പൊലീസ് അനാവശ്യ ഇടപെടൽ നടത്തിയെന്നും പൊതുസമൂഹത്തിൽ നാണം കെടുത്തിയെന്നും നേരത്തെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു.















