ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രത്യേക സോഫ്റ്റ്‌വെയർ നിർമ്മിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ‘പ്രതിബിംബ്’ എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചെടുത്തത്. ഹാക്കർമാരെ വളരെ പെട്ടന്ന് കണ്ടെത്തുന്നതിനും അവരുടെ നെറ്റ്‌വർക്കുകൾ ഇല്ലാതാക്കുന്നതിനും ഇത് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കും.
സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറുകൾ വളരെ വേഗത്തിൽ കണ്ടെത്തുന്നതിന് ഈ സോഫ്റ്റ്‌വെയർ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജിഐഎസ്) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഇതിലൂടെ അന്വേഷണ ഉദ്യോഗസ്ഥർക്കും സേവന ദാതാക്കൾക്കും ഒരുപോലെ നേട്ടമുണ്ടാകുന്നു. വെറുമൊരു ഭൂപടം എന്നതിലുപരി ‘പ്രതിബിംബ്’ ശക്തമായൊരു ആയുധമാണ്. ഹരിയാന, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് കേന്ദ്രം രാജ്യത്തുടനീളമുള്ള സൈബർ കുറ്റകൃത്യങ്ങളുടെ ഹോട്ട്സ്പോട്ടുകൾ കണ്ടെത്താൻ സാധിച്ചു. പ്രതിബിംബിലൂടെ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നുഹിലും മേവാത്തിലുമായി 42 സൈബർ കുറ്റവാളികളെയാണ് ഹരിയാന പോലീസ് പിടികൂടിയത്. ഈ ഓപ്പറേഷനുകളിലൂടെ കുറ്റവാളികളെ പിടികൂടുക മാത്രമല്ല വ്യാജ ഐഡികൾ, സിം കാർഡുകൾ, മോഷ്ടിച്ച പണം തുടങ്ങിയ നിർണായകമായ തെളിവുകൾ കണ്ടുകെട്ടുകയും ചെയ്തു.
സൈബർ കുറ്റകൃത്യങ്ങൾ ഹാക്കിങ്ങിലും സാമ്പത്തിക തട്ടിപ്പുകളിലും ഒതുങ്ങുന്നില്ല. അതുകൊണ്ടുതന്നെ ഇന്റർനെറ്റ് ഗെയിമുകളും ‘പ്രതിബിംബ്’ സോഫ്റ്റ്‌വെയറിന്റെ പരിധിയിൽ ഉൾപ്പെടുന്നു. ഫാൻ്റസി ക്രിക്കറ്റ് വാതുവെപ്പ് ഗെയിമുകളിൽ കൃത്രിമം കാണിച്ച തട്ടിപ്പുകാരെ കണ്ടെത്താനും ഇതിലൂടെ സാധിച്ചു.















