വയനാട്: വയനാട്ടിലെ വാൽപ്പാറയിൽ കാട്ടുപോത്ത് ആക്രമണം. വാൽപ്പാറയ്‌ക്കടുത്ത് അനലി എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന തൊഴിലാളിയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ തൊഴിലാളിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനലി എസ്റ്റേറ്റ് ഏരിയയിലെ നാലാം നമ്പർ തേയിലക്കാട്ടിൽ ജോലി ചെയ്യുന്ന രവി എന്ന സെൽവരത്നം (60) ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായത്. ഉച്ചകഴിഞ്ഞ് 3 മണിയോടെ ആയിരുന്നു സംഭവം. തേയിലത്തോട്ടത്തിൽ വിശ്രമിക്കുകയായിരുന്ന ഇയാളെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. സമീപത്തു ജോലിചെയ്തിരുന്നവർ രവിയെ രക്ഷപ്പെടുത്തി വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അടുത്തിടെ തേയിലത്തോട്ടങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. കാട്ടുപോത്തിന്റെ ആക്രമണം കൂടെ ആയതോടെ വനംവകുപ്പ് മതിയായ സുരക്ഷ ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.















