തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ നൽകിയ ഹർജി സുപ്രീംകോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്ന് കാട്ടിയാണ് ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചത്.
സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമാണ് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാനാകു എന്ന വാദം ചൂണ്ടിക്കാട്ടിയാണ് ഗ്രീഷ്മ കോടതിയെ സമീപിച്ചത്. നേരത്തെ ഹൈക്കോടതിയും ഈ ആവശ്യം നിരസിച്ചിരുന്നു. ഇതിനെതിരെയാണ് അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സ്റ്റേഷന്റെ ചുമതല നൽകി വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും ഗ്രീഷ്മ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വാദം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിക്രം നാഥ് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.















