ലക്‌നൗ: പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനിക്ക് നേരെ സൈബർ ആക്രമണം. ലക്‌നൗവിലെ സീതാപൂരി സ്വദേശിയും സീതാ ബാല വിദ്യാ മന്ദിർ ഇന്റർ കോളേജിലെ വിദ്യാർത്ഥിനിയുമായ പ്രാചി നിഗത്തിന് നേരെയാണ് സൈബർ ആക്രമണം നടന്നത്. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ വിദ്യാർത്ഥിനി 98.5 ശതമാനം മാർക്കോടെയാണ് ജയിച്ചത്. എന്നാൽ ഈ നേട്ടത്തിൽ അഭിനന്ദിക്കുന്നതിന് പകരം സൗന്ദര്യത്തിന്റെ പേരിലാണ് സൈബർ ആക്രമണം ഉണ്ടായത്.
പ്രാചിയുടെ മുഖത്തെ രോമവളർച്ചയെക്കുറിച്ച് മോശം കമന്റുകളുമായിട്ടാണ് കുറെപ്പേർ പരിഹസിച്ചത്. കൂടാതെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിച്ചതോടെ നിരവധി പേരാണ് കുട്ടിക്ക് പിന്തുണ അറിയിച്ച് എത്തിയത്. കളിയാക്കിയവർക്കും മോശം കമന്റിട്ടവർക്കും കണക്കിന് മറുപടി നൽകാനും ഇവർ മറന്നില്ല.
പ്രായപൂർത്തിയായ പെൺകുട്ടികൾക്കിടയിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) എന്നാണ് ഈ പ്രശ്നത്തെ അറിയപ്പെടുന്നത്. അത് കാരണമാണ് ആ പെൺകുട്ടിയുടെ മുഖത്ത് രോമങ്ങൾ കൂടുതലായി വളരുന്നതെന്നും ഈ വിഷയത്തെക്കുറിച്ച് അറിയാവുന്നവർ കമന്റുകളിൽ പ്രതികരിച്ചു. പ്രാചി നിഗത്തിന് വലിയ പിന്തുണയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അവളുടെ രൂപത്തെയല്ല പഠന രംഗത്തെ മികവിനെ പ്രശംസിക്കുകയാണ് ചെയ്യേണ്ടതെന്നും അവർ പറഞ്ഞു.
യുപി പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ 600ൽ 591 മാർക്കോടെയാണ് പ്രാചി നിഗം ഒന്നാമതെത്തിയത്. ‘പരീക്ഷയിൽ ഒന്നാമതെത്തുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഞാൻ സർവ്വ സമയവും പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഉയർന്ന റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. എഞ്ചിനീയറാകണമെന്നാണ് എന്റെ ആഗ്രഹം. ഐഐടി-ജിഇഇ പരീക്ഷ പാസാകണമെന്നാണ് ആഗ്രഹമെന്നും’ പ്രാചി പറഞ്ഞു.















