പത്തനംതിട്ട: റാന്നിയിൽ ഒറ്റയ്‌ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി വന്ന് ഇഞ്ചക്ഷനെടുത്ത് അജ്ഞാതൻ. കോവിഡ് ബൂസ്റ്റർ ഡോസാണെന്ന് പറഞ്ഞായിരുന്നു അജ്ഞാതൻ വയോധികയ്‌ക്ക് കുത്തിവയ്പ്പ് നടത്തിയത്. ഇന്ന് രാവിലെ റാന്നി വലിയകലുങ്ക് സ്വദേശി ചിന്നമ്മ (66)യുടെ വീട്ടിലായിരുന്നു സംഭവം.
കുത്തിവയ്പ്പ് ആവശ്യമില്ലെന്ന് വയോധിക പറഞ്ഞിട്ടും യുവാവ് നിർബന്ധിച്ച് ഇഞ്ചക്ഷനെടുക്കുകയായിരുന്നു. ശേഷം സിറിഞ്ച് ചിന്നമ്മക്ക് നൽകി യുവാവ് മുങ്ങി. നടുവിന്റെ ഇരുവശത്തുമാണ് കുത്തിവച്ചതെന്നാണ് ചിന്നമ്മ പറയുന്നത്.
പരാതിയെ തുടർന്ന് റാന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അജ്ഞാതനായ യുവാവിനായി അന്വേഷണം ആരംഭിച്ചു.















