അയോദ്ധ്യ മഹർഷി വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ച് ഇലക്ട്രിക് വിപണിയിലെ വമ്പനായ ഒല. അറൈവൽ, എക്‌സിറ്റ് പോയിൻ്റുകളിൽ പ്രത്യേക ക്യാബ് പിക്ക്-അപ്പ് സോൺ സ്ഥാപിച്ചിട്ടുണ്ട്.
സുഗമമായ നടത്തിപ്പിനും സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനുമായി 24×7 പ്രവർത്തിക്കുന്ന സംഘത്തെയാണ് അയോദ്ധ്യയിൽ സജ്ജമാക്കിയിട്ടുള്ളതെന്ന് ഒല അറിയിച്ചു. രാജ്യത്തേറ്റവും വേഗത്തിൽ വളരുന്ന സാംസ്കാരിക, വിനോദസഞ്ചാര ഇടമാണ് അയോദ്ധ്യയെന്നും ഒലയുടെ സേവനങ്ങൾ ഇവിടെ വിപുലീകരിക്കാൻ തങ്ങൾ ആവേശഭരിതരാണെന്നും ഒല മൊബിലിറ്റി സിഇഒ ഹേമന്ത് ബക്ഷി പറഞ്ഞു. പ്രദേശത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പുറമേ അയോദ്ധ്യയുടെ പുണ്യഭൂമിയിലെത്തുന്നവർക്ക് മികച്ച യാത്രാനുഭവം നൽകാൻ തങ്ങൾ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോദ്ധ്യാതിപൻ ശ്രീരാമചന്ദ്ര പ്രഭുവിനെ ഒരു നോക്ക് കണ്ട് അനുഗ്രഹം തേടാൻ ഭക്തരുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോൾ ഇതുവരെ ദർശനം നടത്തിയത് ഒന്നരക്കോടിയലേറെ പേരാണ്. രാമനവമി നാളിൽ സൂര്യ അഭിഷേക് ദർശിക്കാനും വൻ തിരക്കാണ് അനുഭവപ്പെട്ടതെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു.