ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി മൂന്ന് നാൾ മാത്രം. വോട്ട് രേഖപ്പെടുത്താനുള്ള ആവേശത്തിലും തിടുക്കത്തിലുമാണ് വോട്ടർമാർ. വോട്ട് ചെയ്യാനുള്ള ബൂത്ത് സ്ലിപ്പിനായി ബൂത്ത് ലെവൽ ഓഫീസർമാരെ കാത്തിരിക്കുന്ന പതിവ് ഇത്തവണയില്ല. മറിച്ച് വോട്ടർമാരുടെ ഫോണിൽ സ്ലിപ്പ് ലഭിക്കും.
1950 എന്ന നമ്പറിലേക്ക് ECI<space>വോട്ടർ ഐഡി നമ്പർ എന്ന് എസ്എംഎസ്. അയക്കണം. 15 സെക്കൻഡിനുള്ളിൽ വോട്ടറുടെ പേരും പാർട്ട് നമ്പറും സീരിയൽ നമ്പറും ഫോണിൽ സന്ദേശമായെത്തും.
ഇനി വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് സംശയിക്കുന്നവരുണ്ടെങ്കിൽ അവർക്കും പരിഹാരമുണ്ട്. ഫോൺ മുഖേനയും ഓൺലൈനായും വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം. 1950 എന്ന നമ്പറിലേക്ക് വിളിക്കുക. തുടർന്ന് വോട്ടർ ഐഡിയുടെ നമ്പർ നൽകാൻ നിർദ്ദേശിക്കും. നമ്പർ നൽകിയാൽ വോട്ടർ പട്ടികയിലെ വിവരങ്ങൾ ലഭിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ eci.gov.in വഴിയും പേരുണ്ടോയെന്ന് പരിശോധിക്കാം. വെബ്‌സൈറ്റിൽ പ്രവേശിച്ച് ഇലക്ട്രൽ സെർച്ച് എന്ന ഓപ്‌ഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇലക്ഷൻ ഐഡി നമ്പറും സംസ്ഥാനത്തിന്റെ പേരും നൽകിയാൽ വിവരങ്ങളറിയാം.















