തിരുപ്പതി: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ക്ഷേത്ര ട്രസ്റ്റിന്റെ നിക്ഷേപ തുക റെക്കോർഡിലേയ്‌ക്ക് . 1161 കോടി രൂപയാണ് ട്രസ്റ്റിന്റെ സ്ഥിരനിക്ഷേപം . കഴിഞ്ഞ 12 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ 12 വർഷമായി തുടർച്ചയായി 500 കോടി രൂപയോ അതിൽ കൂടുതലോ സ്വരൂപിച്ചിട്ടുള്ള രാജ്യത്തെ ഏക ഹിന്ദു ക്ഷേത്ര ട്രസ്റ്റാണ് ഇത് . ബാങ്കുകളിലെ ട്രസ്റ്റുകളുടെ മൊത്തം എഫ്ഡി 13,287 കോടി രൂപയിലെത്തി.
ഇതുകൂടാതെ, ശ്രീ വെങ്കിടേശ്വര നിത്യ അന്നപ്രസാദം ട്രസ്റ്റ്, ശ്രീ വെങ്കിടേശ്വര പ്രന്ദനം ട്രസ്റ്റ് തുടങ്ങി ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ള നിരവധി ട്രസ്റ്റുകളുണ്ട്. 5529 കോടി സ്ഥിര നിക്ഷേപങ്ങളാണ് ഇവയ്‌ക്കുള്ളത് . തിരുപ്പതി ട്രസ്റ്റിന്റെ സ്ഥിരനിക്ഷേപം 2021ലും 2022ലും അതിനുമുമ്പ് 2019ലും മാത്രമാണ് 500 കോടിയിൽ താഴെയായി കുറഞ്ഞത്.
വഴിപാടായി സ്വർണമെത്തുന്നതിലും വർധനവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു . 2023ൽ 773 കോടി രൂപ വിലമതിക്കുന്ന 1,031 കിലോ സ്വർണം ക്ഷേത്രത്തിലേക്ക് ലഭിച്ചു . വിവിധ ദേശസാൽകൃത ബാങ്കുകളിലായി 8,496 കോടി രൂപ വിലമതിക്കുന്ന 11,329 കിലോഗ്രാം സ്വർണമാണ് നിലവിൽ ട്രസ്റ്റിന്റെ കൈവശമുള്ളത്.















