ആറര കോടി വർഷങ്ങൾക്ക് മുൻപ് ഭൂമി അടക്കിവാണിരുന്ന ജീവി വർഗമായിരുന്നു ദിനോസറുകൾ. പിന്നീട് വംശനാശം സംഭവിച്ച ഇവയെ കുറിച്ച് ഇന്നും പഠനങ്ങൾ നടക്കുന്നു. ഏറ്റവുമൊടുവിലായി 98 അടി നീളവും (29.87 മീറ്റർ) 74 ടൺ ഭാരവുമുള്ള ദിനോസറിന്റെ ഫോസിൽ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. 90 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഭൂമിയെ വിറപ്പിച്ചിരുന്ന ബസ്റ്റിങ്കോറിറ്റിറ്റൻ ശിവ (Bustingorrytitan shiva) എന്ന ദിനോസറിന്റെ ഫോസിലാണ് കണ്ടെത്തിയത്. സംഹാര രുദ്രനായ ശിവനോട് ഉപമിച്ചാണ് ദിനോസറിന് ഈ പേര് നൽകിയതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
മെഗാറ്റിറ്റാനോസറുകൾ എന്നറിയപ്പെടുന്ന ഭീമാകാരമായ ജീവികളുടെ ശാഖയുടെ ഭാഗമാണിത്. ഭീമകാരമായ ദിസോറുകളുടെ ജനുസായ മെഗാലോസോറസ് എന്ന വിഭാഗത്തിലെ അംഗമാണ് കണ്ടെടുത്ത ബി. ശിവ. നീണ്ട കഴുത്തുള്ള ഇവ സസ്യഭുക്കുകളായിരുന്നു. അർജന്റീനയിൽ വസിച്ചിരുന്ന ഇവ കൂട്ടമായാണ് ജീവിച്ചിരുന്നത്. ഭൂമിയിൽ ജീവിച്ചിരുന്നതിൽ വച്ച് വലിപ്പമേറിയതും കരുത്തേറിയതുമായ ദിനോസറുകളായിരുന്നു ഇവയെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

പാലിയന്റോളജിക്ക പോളോണിക് ജേർണലിൽ ഇത് സംബന്ധിച്ച് വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ന്യൂക്വൻ പ്രവിശ്യയിലെ കർഷകനായ മാനുവൽ ബസ്റ്റിങ്കോറി എന്ന കർഷകനാണ് തന്റെ കൃഷിയിടത്തിൽ നിന്നാദ്യമായി 2000-ത്തിൽ ബി. ശിവയുടെ ഫോസിൽ കണ്ടെത്തിയത്. കാലിന്റെ അസ്ഥിയാണ് അദ്ദേഹം കണ്ടത്. തുടർന്ന് ഏണസ്റ്റോ ബാച്ച്മാൻ പാലിയന്റോളജിക്കൽ മ്യൂസിയത്തിൽ ഇത് പഠനവിധേയമാക്കി. പിന്നാലെ സെെറ്റിൽ കൂടുതൽ പഠനങ്ങളും ഖനനങ്ങളും നടത്തി. പടിഞ്ഞാറൻ അർജൻ്റീന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാലിയൻ്റോളജിസ്റ്റുകളാണ് ബസ്റ്റിങ്കോറിറ്റിറ്റൻ ശിവയെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തിയത്. പൂർണമായ അസ്ഥികൂടങ്ങളും മറ്റ് മൂന്ന് അപൂർണമായ മാതൃകകളും ഉൾപ്പടെയുള്ളവ ഗവേഷകർ കണ്ടെത്തുകയായിരുന്നു.
ഗ്രീക്ക് പുരണത്തിലെ ഭീമന്മാരെയാണ് ‘ടൈറ്റൻ’ എന്ന് വിശേഷിപ്പിക്കുന്നത്. ഇതിനൊപ്പം ‘ബസ്റ്റിംഗറി’ എന്ന കർഷകന്റെ പേരും ചേർത്താണ് ‘ബസ്റ്റിംഗോറിറ്റിറ്റൻ’ എന്ന ജനുസ് നാമം ശാസ്ത്രജ്ഞർ ഇതിന് നൽകിയത്. ദിനോസറുകൾ വംശനാശം നേരിടുന്നതിനിടയിലാണ് ഈ ജനുസ്സിൽ പെട്ടവ പൂർവാധികം ശക്തിയോടെ ജീവിച്ചിരുന്നത്. അതിനാൽ തന്നെ സംഹാരത്തിന്റെയും, പുനരുജ്ജീവനത്തിന്റെയും ദേവതയായ ശിവന്റെ നാമവും കൂടി ഈ ദിനോസറിന് നൽകുകയായിരുന്നുവെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. കണ്ടെടുത്ത ഫോസിലിൽ നിന്ന് ലഭിച്ച വിവരങ്ങളും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് ബസ്റ്റിങ്കോറിറ്റിറ്റൻ ശിവയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇതിന് മുൻപ് അർജൻ്റീനോസോറസ് ആയിരുന്നു കണ്ടെടുത്തതിൽ വച്ച് ഏറ്റവും വലിയ ദിനോസർ. ഇതിന്റെ ഫോസിൽ കണ്ടെത്തിയതും അർജന്റീനയിൽ നിന്നായിരുന്നു. ദിനോസറുകൾ വിഹരിച്ചിരുന്നത് അർജന്റീന കേന്ദ്രീകരിച്ചാണെന്ന വിലയിരുത്തലിലേക്കാണ് കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത്.















