തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച് ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് സിബിഐ. ജസ്നയുടെ പിതാവ് ഉന്നയിക്കുന്ന കാര്യങ്ങൾ അന്വേഷിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും കോടതിയിൽ മുദ്ര വച്ച കവറിൽ നൽകണമെന്നും സിബിഐ ആവശ്യപ്പെട്ടു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.
അടുത്ത മാസം മൂന്നാം തീയതി ഹർജി വീണ്ടും പരിഗണിക്കും. അന്നേ ദിവസം വിവരങ്ങൾ കൈമാറണമെന്നും സിബിഐ ആവശ്യപ്പെട്ടു. ജസ്ന തിരോധാന കേസിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ നൽകിയ റിപ്പോർട്ടിനെതിരെ ജസ്നയുടെ പിതാവാണ് കോടതിയെ സമീപിച്ചത്. പല കാര്യങ്ങളും സിബിഐ അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് പിതാവ് ജയിംസ് ജോസഫ് ഹർജിയിൽ പറഞ്ഞിരുന്നത്.















