ന്യൂഡൽഹി: ബ്രഹ്മോസ് മിസൈലുകളുടെ നാലാമത്തെ ബാറ്ററി ഫിലിപ്പീൻസിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങി ഭാരതം. നാല് ലോഞ്ചറുകളും 290 കിലോമീറ്റർ പരിധിയിൽ പ്രതിരോധം തീർക്കുന്ന മൂന്ന് മിസൈലുകളും ഉൾപ്പെടുന്നതാണ് ഒരു ബാറ്ററി. മൂന്ന് എണ്ണം ഇതിനോടകം തന്നെ കയറ്റുമതി ചെയ്തു.
2022-ൽ ഒപ്പുവച്ച 375 മില്യൺ ഡോളർ കരാർ പ്രകാരമാണ് ബാറ്ററി കയറ്റുമതി ചെയ്യുന്നത്. ഫിലിപ്പീൻസിന്റെ തീരപ്രതിരോധ റെജിമെന്റാണ് ഇന്ത്യയുടെ സൂപ്പർ സോണിക് മിസൈൽ വിന്യസിക്കുന്നത്. ദക്ഷിണ ചൈന കടലിൽ ഫിലിപ്പീൻസും ചൈനയും തമ്മിലുള്ള സംഘർഷ സാധ്യത വർദ്ധിച്ച സാഹചര്യത്തിലായിരുന്നു പ്രതിരോധ സംവിധാനങ്ങളുടെ കരുത്ത് കൂട്ടാൻ ഫിലിപ്പീൻസ് തീരുമാനിച്ചത്. പ്രതിരോധ മേഖലയിൽ സുപ്രധാന പങ്ക് വഹിക്കാൻ ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസിന് സാധിക്കും.
ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കര-നാവിക-വ്യോമ സേനകൾക്ക് വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകൾ വികസിപ്പിച്ചിട്ടുണ്ട്. 200 മുതൽ 300 കിലോഗ്രാം ഭാരം വരെ വഹിച്ച് സഞ്ചരിക്കാൻ ബ്രഹ്മോസിന് സാധിക്കും. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനും (DRDO) റഷ്യയുടെ എൻപിഒ മിഷിനോസ്ട്രോയെനിയയും സംയുക്തമായി ചേർന്നാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈൽ വികസിപ്പിച്ചത്.
പ്രതിരോധ കയറ്റുമതിയിൽ വൻ കുതിപ്പാണ് രാജ്യം കാഴ്ചവയ്‌ക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 32.5 ശതമാനം വാർഷിക വളർച്ചയാണ് കൈവരിച്ചത്. ഇതോടെ 2023-2024-ൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 21,083 കോടി രൂപയിലെത്തി. ഭാവിയിൽ ഇന്ത്യയുടെ സൂപ്പർസോണിക് മിസൈലുകൾക്കായി കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. അറബ്, ആഫ്രിക്കൻ രാജ്യങ്ങളും ബ്രഹ്മോസ് സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.















