എറണാകുളം: നർത്തകൻ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപlച്ച് കലാമണ്ഡലം സത്യഭാമ ജൂനിയർ. കേസിൽ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു.
നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. ജാതി അധിക്ഷേപത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സത്യഭാമ മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്.
കേസിൽ അറസ്റ്റ് ചെയ്യാനുളള സാദ്ധ്യത മുന്നിൽ കണ്ടാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
ഒരു അഭിമുഖത്തിനിടയിലായിരുന്നു സത്യഭാമ ആർ.എൽ.വി രാമകൃഷ്ണെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയാട്ടം എപ്പോഴും മോഹിനിയായിരിക്കണം കളിക്കേണ്ടത്. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയത്. വിഷയം വലിയ വിവാദമായതോടെ നിലപാടിൽ നിന്ന് ഇവർ മലക്കം മറിഞ്ഞിരുന്നു.