എറണാകുളം: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി. യെമൻ ജയിലിലെ അധികൃതരാണ് അനുമതി നൽകിയത്. 11 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പ്രേമകുമാരി മകളെ കാണുന്നത്. ഇന്ന് ഉച്ചയ്‌ക്ക് ശേഷം ജയിലിൽ എത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണ്. ഈ ചർച്ചകളിൽ പങ്കെടുക്കാനാണ് പ്രേമകുമാരി യെമനിലേക്ക് പോയത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ചർച്ചകൾ നടത്തും. സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമിനോടൊപ്പം കഴിഞ്ഞ ദിവസമാണ് പ്രേമകുമാരി യെമനിലെത്തിയത്.
യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്. 2017 ജൂലൈ 25-നായിരുന്നു സംഭവം. തലാൽ അബ്ദു മഹ്ദിയുമൊന്നിച്ച് ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷ. പാസ്പോർട്ട് പിടിച്ചെടുത്ത് നിമിഷയെ ഭാര്യയാക്കി വയ്‌ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന് നിമിഷ നേരത്തേ വീട്ടുകാർക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിരുന്നു. പാസ്‌പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തുക, എന്നിങ്ങനെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായതായി നിമിഷ കത്തിൽ പറഞ്ഞിരുന്നു. ഇതിന് പുറമേ ഇയാൾ തോക്ക് ചൂണ്ടി തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും നിമിഷ വീട്ടുകാരെ അറിയിച്ചിരുന്നു.















