ഇന്ന് (24 ഏപ്രിൽ 2024) മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറിന്റെ 51ാം ജന്മദിനം. നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചാണ് അദ്ദേഹം തന്റെ കരിയർ അവസാനിപ്പിച്ചത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും വരുമാനത്തിന്റെ കാര്യത്തിൽ അദ്ദേഹം ഇപ്പോഴും സൂപ്പർഹിറ്റാണ്. ബ്രാൻഡ് അംബാസിഡർ, അംഗീകാരങ്ങൾ തുടങ്ങി വിവിധ മാർഗങ്ങളിലൂടെ കോടിക്കണക്കിന് രൂപയാണ് സച്ചിൻ ഇപ്പോഴും സമ്പാദിക്കുന്നത്. അദ്ദേഹത്തിന്റെ ആസ്തി എത്രയാണെന്ന് അറിയാം…
ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന സച്ചിൻ ടെണ്ടുൽക്കർ 1973 ഏപ്രിൽ 24 ന് മുംബൈയിലാണ് ജനിച്ചത്. 16-ാം വയസിലാണ് കരിയർ ആരംഭിച്ചത്. ക്രിക്കറ്റിൽ വൻ റെക്കോർഡുകൾ വാരിക്കൂട്ടുമ്പോൾ തന്നെ മറുവശത്ത് അദ്ദേഹം ധാരാളം പണവും സമ്പാദിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2023 വരെ, സച്ചിൻ ടെണ്ടുൽക്കറുടെ മൊത്തം ആസ്തി 175 ദശലക്ഷം ഡോളറാണ്, അതായത് 1436 കോടി രൂപ!
ബ്രാൻഡ്
ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും വൻകിട ബ്രാൻഡുകൾ ഇപ്പോഴും സച്ചിനെ കൈവിടാൻ തയ്യാറായില്ല. അദ്ദേഹം വ്യക്തി പരമായി ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ വിശ്വാസമാണ് ഇതിന് കാരണം. ബൂസ്റ്റ്, അൺ അക്കാഡമി, ബിഎംഡബ്ല്യു, ലുമിനസ് ഇന്ത്യ, സൺഫീസ്റ്റ്, എംആർഎഫ് ടയറുകൾ, അവിവ ഇൻഷുറൻസ്, പെപ്‌സി, അഡിഡാസ്, വിസ, ലൂമിനസ്, സാനിയോ, ബിപിഎൽ, ഫിലിപ്‌സ്, സ്പിന്നി തുടങ്ങിയ കമ്പനികളുടെ പരസ്യങ്ങളിലാണ് സച്ചിൻ എത്തുന്നത്. ബ്രാൻഡ് പ്രമോഷിലൂടെ അദ്ദേഹത്തിന് പ്രതിവർഷം 40 മില്യൺ ഡോളറാണ് ലഭിക്കുന്നത്.
ബിസിനസ്

ബിസിനസ് രംഗത്തും സച്ചിൻ സജീവമാണ്. അദ്ദേഹത്തിന്റെ വസ്ത്ര വ്യാപാരം ശ്രംഖലയായ ട്രൂ ബ്ലൂ അരവിന്ദ് ഫാഷൻ ബ്രാൻഡ് ലിമിറ്റഡിന്റെ സംയുക്ത സംരംഭമാണ്. 2016 ലാണ് ഇത് ആരംഭിച്ചത്. 2019ൽ അമേരിക്കയിലും ഇംഗ്ലണ്ടിലും ട്രൂ ബ്ലൂ അവതരിപ്പിച്ചു. ഇത് കൂടാതെ റസ്റ്റോറൻ്റ് ബിസിനസിലും സച്ചിൻ ടെണ്ടുൽക്കർ സജീവമാണ്. മുംബൈയിലും ബെംഗളൂരുവിലും സച്ചിന്റെയും ടെണ്ടുൽക്കറിന്റെയും പേരിൽ ഭക്ഷണശാലകളുണ്ട്.
ആഡംബര വീടുകൾ

കേരളത്തിൽ തുടങ്ങി ലണ്ടൻ വരെ അദ്ദേഹത്തിന് ആഡംബര വീടുകളുണ്ട് . മുംബൈയിലെ പോഷ് ബാന്ദ്ര ഏരിയയിലുള്ള ആഡംബര ബംഗ്ലാവിന് മാത്രം ഏകദേശം 100 കോടി രൂപ വിലമതിക്കും. മുംബൈയിലെ ബാന്ദ്രയിലെ കുർള കോംപ്ലക്സിൽ അദ്ദേഹത്തിന് ഒരു ആഡംബര ഫ്ലാറ്റുമുണ്ട്. ലണ്ടനിൽ അദ്ദേഹത്തിന് സ്വന്തമായി വീടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്താക്കുന്നു.
കാറുകൾ

വിലകൂടിയ കാറുകളോടാണ് സച്ചിന് പ്രീയം. ഫെരാരി 360 മോഡൻ, ബിഎംഡബ്ല്യു ഐ8, ബിഎംഡബ്ല്യു 7 സീരീസ്, 750ലി എം സ്‌പോർട്ട്, നിസ്സാൻ ജിടി-ആർ, ഓഡി ക്യു7, ബിഎംഡബ്ല്യു എം6 ഗ്രാൻ കൂപ്പെ, ബിഎംഡബ്ല്യു എം5 30 ജഹ്രെ എന്നിവ സച്ചിന്റെ ശേഖരത്തിലുണ്ട്. ഇതിനെല്ലാം കൂടി ഏകദേശം 100 കോടി രൂപയോളം മൂല്യം വരും.















