നെല്ലൂർ: ആന്ധ്രാ പ്രദേശിലെ നെല്ലൂർ ജില്ലയിലെ സോമശില വനമേഖലയിൽ കാട്ടുതീ പടരുന്നു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കിലോമീറ്ററുകളോളം മാല പോലെ തീ ആളിക്കത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ജൈവ വൈവിധ്യം കൊണ്ടും പരിസ്ഥിതി പ്രാധാന്യം കൊണ്ടുമാണ് സോമശില വനമേഖല അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ പടർന്നു പിടിക്കുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ ആവാസ വ്യവസ്ഥയ്‌ക്ക് തന്നെ ദോഷമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. വരൾച്ചയും പകൽസമയത്തെ ഉയർന്ന താപനിലയും കാറ്റുമാണ് തീ പടർന്നു പിടിക്കാൻ കാരണം.
കാട്ടു തീ പടരുന്ന പ്രദേശത്ത് നിന്നും വലിയ തോതിൽ പുക ഉയരുന്നുണ്ട്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി തീ അണയ്‌ക്കാനുളള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. ഉണങ്ങിയ കരിയിലകളുടെ സാന്നിധ്യം ഉൾപ്പെടെ തീ വളരെ വേഗത്തിൽ പടർന്നു പിടിക്കാൻ കാരണമായതായി ഉദ്യോഗസ്ഥർ പറയുന്നു. തീ കൂടുതൽ മേഖലകളിലേക്ക് പടർന്നാൽ സൈനിക ഹെലികോപ്ടറുകളുടെ സേവനം തേടുന്നതടക്കമുളള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്.
വരൾച്ച കനത്തതോടെ കാട്ടു തീ ഉൾപ്പെടെയുളള അപകടങ്ങൾ നേരിടാനായി സംസ്ഥാന സർക്കാരുകൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഒഡീഷ സർക്കാർ സംസ്ഥാനത്തെ തുടർച്ചയായുളള കാട്ടുതീയ്‌ക്ക് നേരിടാൻ ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ ഏഴ് ടീമുകളെയാണ്വനങ്ങളിൽ വിന്യസിച്ചത്. ബലിഗുഡ, ഫുൽബാനി, രായഗഡ, ബോനൈ, കലഹണ്ടി സൗത്ത്, സിമിലിപാൽ സൗത്ത്, പരലഖെമുണ്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘങ്ങളെ വ്യന്യസിച്ചിട്ടുള്ളത്.
2024-ൽ ഒഡീഷയിലെ വനമേഖലയിൽ 12,000 പോയിന്റുകളിൽ കാട്ടുതീ കണ്ടെത്തിയതായും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 32,500 ആയിരുന്നു എന്നും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദേബിദത്ത ബിസ്വാൾ പറഞ്ഞു.















