നാളെ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിന് മുൻപായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
- വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് ഒരിക്കൽ കൂടി ഉറപ്പാക്കുക. www.voterportal.eci.gov.in, www.ceo.kerala.gov.in എന്നീ വെബ്സൈറ്റുകൾ, Voter Helpline എന്ന മൊബൈൽ ആപ്ലിക്കേഷൻ എന്നിവ ഇതിനായി ഉപയോഗിക്കാം.
- ബൂത്തിലെത്തുമ്പോൾ ബൂത്ത് ലെവൽ ഓഫീസർ വീട്ടിലെത്തിച്ച വോട്ടർ സ്ലിപ് കൈയിൽ കരുതണം. സ്ലിപ് കിട്ടിയിട്ടില്ലെങ്കിൽ രാഷ്‌ട്രീയ പാർട്ടികൾ തന്ന സ്ലിപ് ഉപയോഗിക്കാം.
- വെബ്സൈറ്റോ വോട്ടർ സ്ലിപ്പോ പരിശോധിച്ച് വോട്ട് ചെയ്യേണ്ട ബൂത്ത് ഏതാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
- വോട്ടർ ഐഡിയോ മറ്റ് തിരിച്ചറിയൽ കാർഡുകളോ ഇല്ലെങ്കിൽ വോട്ട് ചെയ്യാനാവില്ല. അതിനാൽ ഫോട്ടോയും യഥാർത്ഥ മേൽവിലാസവുമുള്ള തിരിച്ചറിയൽ കാർഡ് കൈയിൽ കരുതാൻ മറക്കരുത്. താഴെ പറയുന്ന രേഖകൾ ഹാജരാക്കാവുന്നതാണ്.
- ആധാർ കാർഡ്
- എം.എൻ.ആർ.ഇ.ജി.എ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)
- ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ
- തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
- ഡ്രൈവിംഗ് ലൈസൻസ്
- പാൻ കാർഡ്
- ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
- ഇന്ത്യൻ പാസ്‌പോർട്ട്
- ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
- കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്
- പാർലമെന്റ്‌റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
- ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡിഐഡി കാർഡ്)
- വീട്ടിലെ വോട്ടിന് അപേക്ഷിക്കുകയും അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നേരിട്ട് ബൂത്തിലെത്തി വോട്ട് ചെയ്യാനാകില്ല. അപേക്ഷിച്ചിട്ട് തപാൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ബൂത്ത് ലെവൽ ഓഫീസറെ (ബിഎൽഒ) ബന്ധപ്പെടുക.
- ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്തോ സൈലന്റാക്കുകയോ ചെയ്യുക. പോളിംഗ് ബൂത്തിനുള്ളിൽ വോട്ട് ചെയ്യുന്നതിന്റെ ചിത്രമോ സെൽഫിയോ എടുക്കാൻ പാടില്ല. വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കൂ..