ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ കുടുംബത്തിൽ നിന്ന് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 5 പേർ. ഉത്തർ പ്രദേശിലെ കനൗജ് മണ്ഡലത്തിൽ നിന്ന് പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് ബന്ധുക്കളായ ധർമേന്ദ്ര യാദവ്, ആദിത്യ യാദവ്, അക്ഷയ് യാദവ്, എന്നിവരാണ് തെരഞ്ഞെടുപ്പ് കളത്തിലുള്ളത്.
ഡിംപിൾ യാദവ്
മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് മത്സരിക്കുന്നത്. 1996, 2009, 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ മുലായം സിംഗ് യാദവ് വിജയിച്ച മണ്ഡലം കൂടിയാണ് ഇത്. 2004ൽ ധർമേന്ദ്ര യാദവും 2014ൽ തേജ് പ്രതാവും വിജയിച്ച മണ്ഡലമാണ് ഇത്. യാദവ, ശാക്യ വിഭാഗത്തിന്റെ പിന്തുണ സമാജ്‌വാദി പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. സദർ എംഎൽഎ ആയ ജയ്വീർ സിംഗാണ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി.
ധർമേന്ദ്ര യാദവ്
അസംഗഡ് നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ധർമേന്ദ്ര യാദവ് മത്സരിക്കുന്നത്. 2009 ലും 2014 ലും ബദൗൺ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച ധർമേന്ദ്ര യാദവ് 2022 ലാണ് അസംഗഡ് മണ്ഡലത്തിൽ ആദ്യമായി മത്സരിക്കുന്നത്. 2022 ൽ അഖിലേഷ് യാദവിന്റെ രാജിയെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ധർമേന്ദ്ര യാദവ് ഇവിടെ മത്സരിക്കുന്നത്. എന്നാൽ ബിജെപി സ്ഥാനാർത്ഥിയും ഭോജ്പുരി നടനുമായ ദിനേഷ് ലാൽ യാദവിനോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു ധർമേന്ദ്ര യാദവ്. ഇത്തവണ ദിനേഷ് ലാൽ യാദവാണ് ബിജെപി സ്ഥാനാർത്ഥി.
ആദിത്യ യാദവ്
ബദൗൻ ലോക്‌സഭാ മണ്ഡലത്തിലാണ് ആദിത്യ യാദവിന്റെ തെരഞ്ഞെടുപ്പ് അരങ്ങേറ്റ മത്സരം നടക്കുന്നത്. മുലായം സിംഗ് യാദവിന്റെ സഹോദരന്റെ ഇളയ മകനാണ് ഇയാൾ. ബദൗണിൽ ആദ്യം ധർമ്മേന്ദ്രയേയും പിന്നീട് ശിവ്പാൽ സിംഗിനെയും തീരുമാനിച്ചിരുന്നു. പിന്നീട് മകന് വേണ്ടി ശിവ്പാൽ സിംഗ് ഈ സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു. മുസ്ലിം, യാദവ വിഭാഗം കൂടുതലുള്ള മണ്ഡലമാണ് ഇത്. ബ്രജ് യൂണിറ്റ് റീജണൽ പ്രസിഡന്റ് ദുർവിജയ് സിംഗ് ഷാക്യയെയാണ് ആദിത്യയെ നേരിടുന്നത്. 2019 ൽ എൻഡിഎ സ്ഥാനാർത്ഥി സംഘമിത്ര മൗര്യ, ധർമേന്ദ്ര യാദവിനെ പരാജയപ്പെടുത്തിയ മണ്ഡലം കൂടിയാണ് ഇത്.
അക്ഷയ് യാദവ്
ഫിറോസാബാദ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് അക്ഷയ് യാദവ് മത്സരിക്കുന്നത്. തുടർച്ചയായി മൂന്നാം തവണയാണ് അക്ഷയ് ഫിറോസാബാദിൽ നിന്ന് മത്സരിക്കുന്നത്. യാദവ് കുടംബത്തിലെ രാം ഗോപാൽ യാദവിന്റെ മകനാണ് അക്ഷയ് യാദവ്. കുടുംബ വഴക്കിനെ തുടർന്ന് രാം ഗോപാൽ അഖിലേഷിനെ പിന്തുണച്ചിരുന്നു. 2014 ൽ ഫിറോസാബാദിൽ വിജയിച്ച അക്ഷയ് യാദവ് 2019 ൽ ബിജെപിയോട് ദയനീയമായി പരാജയപ്പെട്ടു. ബിജെപിയുടെ ചന്ദ്ര സെൻ ജാദനോട് 28,781 വോട്ടുകൾക്കാണ് അക്ഷയ് പരാജയപ്പെട്ടത്.















