ന്യൂഡൽഹി: കോടതി നടപടികൾ ഡിജിറ്റൽവത്കരിക്കുന്നതിന്റെ ഭാഗമായി വാട്സ് ആപ്പ് മെസഞ്ചർ സംവിധാനം അവതരിപ്പിച്ച് സുപ്രീം കോടതി. കേസ് സംബന്ധമായ വിവരങ്ങൾ അഭിഭാഷകർക്ക് ഇനി മുതൽ വാട്സ് ആപ്പിലൂടെ ലഭ്യമാക്കും. കേസ് ഫയലിംഗുകൾ, കേസ് ലിസ്റ്റിംഗുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വാട്സ് ആപ്പ് സന്ദേശങ്ങളായി അഭിഭാഷകർക്ക് ലഭ്യമാക്കുക. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.
നീതിന്യായ വ്യവസ്ഥയിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിനും നീതി ലഭ്യമാക്കുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനും സുപ്രീം കോടതിയുടെ ഐടി സേവനങ്ങളെ വാട്സ് ആപ്പ് മെസഞ്ചർ സേവനങ്ങളുമായി ബന്ധിപ്പിക്കുകയാണെന്ന് ചീഫ് ജസ്റ്റിസിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇനി മുതൽ കേസ് ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകർക്ക് ഓട്ടോമേറ്റഡ് സന്ദേശങ്ങൾ ലഭിക്കും. കൂടാതെ ബാർ കൗൺസിൽ അംഗങ്ങൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ കോസ് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുമ്പോൾ തന്നെ ലഭ്യമാകും. ഒരു ദിവസം കോടതി പരിഗണിക്കുന്ന കേസുകളുടെ എണ്ണമാണ് കോസ് ലിസ്റ്റ്.
ഇതിനായി സുപ്രീംകോടതിയുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പർ നൽകിയ ചീഫ് ജസ്റ്റിസ് ഈ നമ്പറിൽ സന്ദേശങ്ങളോ കോളുകളോ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി. സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത സുപ്രീം കോടതിയിലെ പുതിയ മാറ്റത്തെ വിപ്ലവകരമായ ചുവടുവയ് പ്പെന്ന് വിശേഷിപ്പിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ മേൽനോട്ടത്തിൽ സുപ്രീം കോടതിയുടെ നടപടിക്രമങ്ങൾ ഡിജിറ്റൽവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾ സജീവമാണ്. 7000 കോടി രൂപയാണ് ഇ-കോർട്ട് പദ്ധതിക്കായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്.